കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും; അരക്കോടിയുടെയും മറ്റ് രേഖകളുടെയും വിശദാംശം നല്‍കണം

കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും;  അരക്കോടിയുടെയും മറ്റ് രേഖകളുടെയും വിശദാംശം നല്‍കണം

കോഴിക്കോട്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുസ്ലീംലീഗ് നേതാവ് കെ.എം ഷാജി എംഎല്‍എയ്ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കി. കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെ കണക്കും സ്വര്‍ണത്തിന്റെ ഉറവിടവും കെ.എം ഷാജിക്ക് കാണിക്കേണ്ടി വരും.

കണ്ണൂര്‍ ചാലാടിലെ വീട്ടില്‍ ഏപ്രില്‍ 12ന് നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് അരക്കോടി രൂപയാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം നടന്ന റെയ്ഡ്.

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെ വീട്ടിലെത്തിയത്. ഒന്നരമണിക്കൂറോളം വീടിന് പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേക്ക് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെ.എം ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു.

കണ്ണൂര്‍ ചാലോടിലും ഇതേസമയം തന്നെ വിജിലന്‍സിന്റെ മറ്റൊരു സംഘം പരിശോധന തുടങ്ങി. 2012 മുതല്‍ 2021 വരെയുള്ള ഒമ്പത് വര്‍ഷം കൊണ്ട് ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനയുണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അരക്കോടി രൂപ വിജിലന്‍സ് കണ്ടെത്തിയത്.

അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും ബന്ധു സ്ഥലക്കച്ചവടത്തിനായി വീട്ടില്‍ കൊണ്ടുവച്ച പണമാണെന്നും രേഖ ഹാജരാക്കാന്‍ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലന്‍സിനോട് പറഞ്ഞത്. കോഴിക്കോട് മാലൂര്‍ കുന്നിലെ വീട്ടില്‍ നിന്ന് 39,000 രൂപയുടെ വിദേശ കറന്‍സികള്‍, 400 ഗ്രാം സ്വര്‍ണ്ണം, വിദേശ യാത്രകളുമായി ബന്ധപ്പെട്ട രേഖകള്‍, 72 മറ്റ് രേഖകള്‍ എന്നിവയും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരത്തില്‍ ഉള്ളവയായണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. പരിശോധനാ റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിജിലന്‍സ് കറന്‍സി തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇവ കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കേണ്ടി വരുമെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു.

അതേസമയം വീട്ടില്‍ നിന്ന് 400 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തെന്ന് റെയ്ഡിന് ശേഷം കെ.എം ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വന്തം കൈവശമുള്ളതായി 160 ഗ്രാം സ്വര്‍ണം മാത്രമാണ് കാണിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.