ഇവിടെ പട്ടിണിയില്ല; അമിത് ഷായ്ക്ക് ബംഗ്ലാദേശിനെകുറിച്ചുള്ള അറിവ് പരിമിതമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

ഇവിടെ പട്ടിണിയില്ല; അമിത് ഷായ്ക്ക് ബംഗ്ലാദേശിനെകുറിച്ചുള്ള അറിവ് പരിമിതമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

ധാക്ക: സ്വന്തം രാജ്യത്ത് ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ബംഗ്ലാദേശിലെ പാവപ്പെട്ടവര്‍ ഇന്ത്യയിലേക്കു കുടിയേറുന്നതെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി. അമിത് ഷായുടെ ബംഗ്ലാദേശിനെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍ പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ആഴത്തിലുള്ള ബന്ധം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റിധാരണ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശില്‍ ആരും പട്ടിണി മൂലം മരിക്കുന്നില്ലെന്നും രാജ്യത്തിന്റെ വടക്കല്‍ ജില്ലകളില്‍ ദാരിദ്ര്യവും പട്ടിണിയും നിലനില്‍ക്കുന്നില്ലെന്നും മോമെന്‍ പറഞ്ഞു. ദാരിദ്ര്യം കാരണം ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് ആളുകള്‍ ഒഴുകുന്നുവെന്ന് പറഞ്ഞ അമിത് ഷാ, പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ വിജയിപ്പിച്ചാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

പല മേഖലകളിലും അമിത് ഷായുടെ രാജ്യത്തേക്കാള്‍ ഏറെ മുന്നിലാണ് ബംഗ്ലാദേശെന്ന് മോമെന്‍ പറഞ്ഞു. ഇവിടെ 90 ശതമാനം ആളുകളും നല്ല ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നു. അതേസമയം ഇന്ത്യയില്‍ 50 ശതമാനത്തിലധികം ആളുകള്‍ക്കും ശരിയായ ശൗചാലയങ്ങളില്ല.

ബംഗ്ലാദേശില്‍ വിദ്യാസമ്പന്നര്‍ക്ക് ജോലി കുറവുള്ള സാഹചര്യമുണ്ടെങ്കിലും വിദ്യാഭ്യാസം കുറവുള്ളവര്‍ക്ക് അത്തരം പ്രശ്‌നമില്ലെന്നു മന്ത്രി പറഞ്ഞു. ഇന്ത്യയില്‍നിന്ന് ഒരു ലക്ഷത്തിലധികം ആളുകള്‍ ബംഗ്ലാദേശില്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് പോവേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.