എം എ യൂസഫലി സുഷുമ്ന ശസ്ത്രക്രിയ്ക്ക് വിധേയനായി; വിശ്രമത്തിലെന്നും ലുലുഗ്രൂപ്പ്

എം എ യൂസഫലി സുഷുമ്ന ശസ്ത്രക്രിയ്ക്ക് വിധേയനായി; വിശ്രമത്തിലെന്നും ലുലുഗ്രൂപ്പ്

അബുദാബി: കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിന് ശേഷം അബുദാബിയില്‍ തിരിച്ചെത്തിയ ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയ്ക്ക് വിധേയനായി. ചൊവ്വാഴ്ച അബുദാബിയിലെ ബുർ ജീല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ജർമന്‍ നാഡീ രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ഷവാർബിയുടെ നേതൃത്വത്തില്‍ 25 ഓളം ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നതെന്നും എം എ യൂസഫലി സുഖം പ്രാപിച്ചുവരുന്നുവെന്നും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു.

കൊച്ചിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട എം എ യൂസഫലിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അബുദാബിയിലേക്ക് കൊണ്ടുവന്നിരുന്നു. അപകടമുണ്ടായി മണിക്കൂറുകള്‍ക്കം തന്നെ മരുമകനും ബുർജീല്‍ ആശുപത്രിയുടെ ഉടമസ്ഥനുമായ ഡോ ഷംസീർ വിപി കൊച്ചിയിലെത്തിയിരുന്നു. തുടർന്ന് അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് ഡോ ഷംസീറിന്റെ നേതൃത്വത്തില്‍ എം എ യൂസഫലിയും കുടുംബവും അബുദാബിയിലെത്തിയത്. തുടർന്നുളള വിദഗ്ധ പരിശോധനകള്‍ക്കും തുടർചികിത്സയ്ക്കും ഡോ ഷംസീർ തന്നെയാണ് നേതൃത്വം നല്‍കുന്നതെന്നും വാർത്താകുറിപ്പ് വ്യക്തമാക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രമുഖർ ഉള്‍പ്പടെ നിരവധി പേർ നേരിട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രാർത്ഥനകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ യൂസഫലിയും കുടുംബവും നന്ദി അറിയിക്കുന്നുവെന്നും നന്ദകുമാർ പറഞ്ഞു.

അതേസമയം ഗള്‍ഫ് ഭരണാധികാരികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖർ യൂസഫലിയെ നേരിട്ട് വിളിച്ച സുഖവിവരം അന്വേഷിച്ചു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ബഹറൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാൻ ബിൻ ഹമദ് അൽ ഖലീഫ ഉൾപ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ എം എ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരമന്വേഷിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര - സംസ്ഥാന മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിവിധ മതവിഭാഗങ്ങളിലെ ആത്മീയാചാര്യന്മാർ എന്നിവരടക്കമുള്ള രാഷ്ട്രീയ- സാമൂഹ്യ-വാണിജ്യ-മത രംഗത്തുള്ള പ്രമുഖർ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.