മുഖ്യമന്ത്രിയുടെ മടക്കം കോവിഡ് പോസിറ്റീവായ ഭാര്യയ്‌ക്കൊപ്പം; യാത്രയിൽ വിവാദം

മുഖ്യമന്ത്രിയുടെ മടക്കം  കോവിഡ് പോസിറ്റീവായ ഭാര്യയ്‌ക്കൊപ്പം; യാത്രയിൽ  വിവാദം

കണ്ണൂർ: കോവിഡ് മുക്തനായി വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചതിനു പിന്നാലെ മുഖ്യമന്ത്രി മടക്കയാത്രയിലുൾപ്പെടെയുള്ള കാര്യങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ഉയരുന്നു.

മുഖ്യമന്ത്രിയുടെ ഭാര്യ കമല കോവിഡ് പോസിറ്റീവായിരുന്നു എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഇവർ പിപിഇ കിറ്റ് ധരിക്കാതെ മാസ്ക് മാത്രം ധരിച്ച് അദ്ദേഹത്തോടൊപ്പം ഒരേ കാറിലാണു മടങ്ങിയത്. ഇതിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നുവരുന്നത് കൊച്ചുമകൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവരും അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ ഒട്ടേറെപ്പേർ ആശുപത്രിയിലെത്തുകയും ചെയ്തു.

എന്നാൽ പോസിറ്റീവായി 10–ാം ദിവസമാണ് പരിശോധന നടത്തേണ്ടതെങ്കിലും മുഖ്യമന്ത്രി 7–ാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടതു ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയായി. ഏപ്രിൽ നാല് മുതലാണ് മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വിശദീകരിച്ചതു കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചു.

എന്നാൽ ഏപ്രിൽ നാലിനു മുഖ്യമന്ത്രി ധർമടത്തു നടത്തിയ റോഡ്ഷോയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ഏപ്രിൽ ആറിനു അദ്ദേഹം വോട്ട് ചെയ്യുകയും നിരവധി ആളുകളുമായി ഇടപഴകുകയും ചെയ്തു. ഇതിനെല്ലാം ശേഷം ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിക്ക് കോവി‍ഡ് പോസിറ്റീവായതായി അറിയിപ്പു വന്നതും കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആക്കിയതും. ഇതുപ്രകാരം അടുത്ത പരിശോധന 18നാണ് വേണ്ടിയിരുന്നത്.

അതേസമയം, ചീഫ് സെക്രട്ടറി വി.പി. ജോയിയും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുമാകട്ടെ, ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. എന്നാൽ രോഗലക്ഷണമില്ലെങ്കിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സർക്കാരും ഐസിഎംആറും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നുമാണ് മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.