ഒ.സി.ഐ കാര്‍ഡ് പുതുക്കല്‍: നടപടികള്‍ ലളിതമാക്കി കേന്ദ്രസര്‍ക്കാര്‍

ഒ.സി.ഐ കാര്‍ഡ് പുതുക്കല്‍: നടപടികള്‍ ലളിതമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കി കേന്ദ്രസര്‍ക്കാര്‍. പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിനൊപ്പം ഒ.സി.ഐ കാര്‍ഡും പുതുക്കണമെന്ന നിബന്ധന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിവാക്കി.

ഇനി മുതല്‍ 20 വയസ് കഴിഞ്ഞാല്‍ പുതിയ പാസ്പോര്‍ട്ട് എടുക്കുന്നതിനൊപ്പം ഒ.സി.ഐ കാര്‍ഡ് പുതുക്കേണ്ട ആവശ്യമില്ല. നിലവില്‍ 20 വയസ് തികയുമ്പോള്‍ പാസ്പോര്‍ട്ട് എടുക്കുന്നതിനൊപ്പം തന്നെ ഒ.സി.ഐ കാര്‍ഡും പുതുക്കണമായിരുന്നു. 50 വയസിനു മുകളിലുള്ളവരും പ്രായമേറുന്നതിന്റെ ഭാഗമായി മുഖത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കണമായിരുന്നു. ഈ നടപടിയും ഒഴിവാക്കി. 

പുതിയ നിയമനുസരിച്ച് 20 വയസിനു താഴെയുള്ള ഒ.സി.ഐ കാര്‍ഡ് ഉടമകള്‍ കാര്‍ഡിന്റെ കോപ്പിയോടൊപ്പം അവരുടെ ഏറ്റവും പുതിയ ഫോട്ടോയും ഒ.സി.ഐ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. 20 വയസു കഴിഞ്ഞാല്‍, പുതിയ പാസ്‌പോര്‍ട്ട് എടുക്കാന്‍
ഒ.സി.ഐ കാര്‍ഡ് പുതുക്കേണ്ടതില്ല. അതുപോലെ, 50 വയസ് കഴിഞ്ഞവരും കാര്‍ഡിന്റെ കോപ്പിയോടൊപ്പം പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ മതിയാകും.

പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് 3 മസങ്ങള്‍ക്കുള്ളില്‍ ഈ രേഖകള്‍ അപ്ലോഡ് ചെയ്യണം. ഒ.സി.ഐ കാര്‍ഡ് ഉടമയുടെ ഭാര്യയോ അല്ലെങ്കില്‍ ഭര്‍ത്താവോ വിദേശവംശജരാണെങ്കില്‍, അവര്‍ കാര്‍ഡ് ഉടമയാണെങ്കില്‍ പുതുക്കലിന് ഏറ്റവും പുതിയ ഫോട്ടോയും വിവാഹം നിലനില്‍ക്കുന്നതായുള്ള തെളിവും അപ്‌ലോഡ് ചെയ്യണമെന്നും അഭ്യന്ത്രര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍, അത് ലഭിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ ലഭിക്കും. പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച്, ഇത്തരത്തില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതായി കുറിപ്പ് ലഭിക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നോ ഇന്ത്യയിലേക്കോ ഉള്ള യാത്രകള്‍ക്ക് ഒരു തടസവുമുണ്ടാകില്ലെന്നും അഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഒ.സി.ഐ കാര്‍ഡ് ഉടമകള്‍ക്ക് ഗുണപരമായ മാറ്റങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുവരെ ഏകദേശം 37.72 ലക്ഷം കാര്‍ഡുകളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.