പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ക്രിസ്ത്യന്‍ മിഷണറിമാരെയും വൈദികരെയും കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും അവരെ രക്ഷിക്കാന്‍ കഴിയാത്തതില്‍ വ്യാപക പ്രതിഷേധം. കത്തോലിക്ക സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ടുള്ള ദേശവ്യാപകമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നടന്നത്.
ഹെയ്തി എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് (സി.ഇ.എച്ച്) നല്‍കിയ ആഹ്വാനമനുസരിച്ചാണ് പ്രാര്‍ഥനയും സമരവും വ്യാപകമാക്കിയിരിക്കുന്നത്. കത്തോലിക്ക സ്‌കൂളുകളും സര്‍വകലാശാലകളും മറ്റ് സ്ഥാപനങ്ങളും അടച്ചിട്ട് സഹകരിക്കണമെന്ന് ഹെയ്തി മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേകം ബലിയര്‍പ്പിച്ചു.
ഉച്ചകഴിഞ്ഞ് രാജ്യത്തെ മുഴുവന്‍ പള്ളികളിലെയും പള്ളിമണികള്‍ ഒരുമിച്ച് മുഴക്കി. മെട്രോപ്പൊളിറ്റന്‍ പ്രദേശമായ പോര്‍ട്ട്-ഒ-പ്രിന്‍സിലെ 'പെറ്റിയോണ്‍-വില്ലെ'യിലെ സെന്റ് പിയറെ ദേവാലയത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നിരവധി മെത്രാന്മാര്‍ പങ്കെടുത്തു. ഹെയ്തിയിലെ 'തട്ടിക്കൊണ്ടുപോകല്‍ സ്വേച്ഛാധിപത്യ'ത്തെ മെത്രാന്‍ സമിതി ശക്തമായി അപലപിച്ചു. രാജ്യത്ത് അരാജകത്വം വര്‍ധിച്ചു. കൊല്ലുകയും, മാനഭംഗപ്പെടുത്തുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നവരുടെ കൈയില്‍ അധികാരമെത്താന്‍ സമ്മതിക്കില്ലെന്നും ഒരു നല്ല രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ഥനയിലൂടെ നാം ഒന്നിക്കണമെന്നും മെത്രാന്‍ സമിതിയുടെ ആഹ്വാനത്തില്‍ പറയുന്നു.
രണ്ടു ഫ്രഞ്ച് കത്തോലിക്ക മിഷണറിമാരുള്‍പ്പെടെ അഞ്ച് കത്തോലിക്കാ വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും മൂന്നു അത്മായരെയും സായുധസംഘം തട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് ഹെയ്തി മെത്രാന്‍ സമിതി പ്രതിഷേധം ശക്തമാക്കിയത്. പ്രാര്‍ത്ഥനയും, സ്ഥാപനങ്ങളുടെ അടച്ചിടലും രാഷ്ട്രത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തുമെന്ന് പറഞ്ഞ മെത്രാന്‍ സമിതി പ്രശ്‌നത്തെ അടിയന്തരമായ പരിഗണിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. കുപ്രസിദ്ധമായ '400 മാവോസോ' സംഘമാണ് കഴിഞ്ഞ ഞായറാഴ്ച അഞ്ചു വൈദികരെയും രണ്ടു കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിക്കാന്‍ ഒരു മില്യണ്‍ ഡോളര്‍ മോചനദ്രവ്യമാണ് സംഘം ആവശ്യപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.