കൊച്ചി: കേരള രാഷ്ട്രീയത്തെ ഒരു കാലത്ത് പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാകുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ഹര്‍ജിയില്‍ കേസന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവായതോടെയാണ് ചാരം പിടിച്ചു കിടന്ന ചാരക്കേസ് വീണ്ടും പൊങ്ങി വന്നത്. കേസില്‍ പ്രതിയായിരുന്ന മാലി സ്വദേശിനി ഫൗസിയ ഹസന്റെ പുതിയ വെളിപ്പെടുത്തല്‍ ഏറെ നിര്‍ണായകമാകും.
നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ അന്നത്തെ പൊലീസുദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ഫൗസിയ ഹസന്റെ വെളിപ്പെടുത്തല്‍. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷമുള്ള ഫൗസിയയുടെ ആദ്യ പ്രതികരണമാണിത്.
'ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ ചോര്‍ത്തിക്കിട്ടാന്‍ താന്‍ നമ്പി നാരായണനും ശശികുമാറിനും ഡോളര്‍ നല്‍കിയെന്ന് വ്യാജമൊഴി നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചപ്പോള്‍ ചോദ്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. മാറിലും കാലിലുമെല്ലാം അടിച്ചു. തന്റെ മുന്നിലിട്ട് മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു മകള്‍. ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കി''- ഫൗസിയ പറയുന്നു.
തന്റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണന്നും ഫൗസിയ ഹസന്‍ തുറന്ന് പറയുന്നു.
നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്നാണ് ഫൗസിയയുടെ ആവശ്യം. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്കുണ്ട്. സിബിഐ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കുമെന്നും ഫൗസിയ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മാലി സ്വദേശിനിയായ ഇവര്‍ ഇപ്പോള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.