തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ കൊവിഡ് കൂട്ടപ്പരിശോധനയില്‍ വന്‍ ജനപങ്കാളിത്തം. രണ്ടരലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,00,971 പരിശോധന നടത്തി. 1,54,775 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും 144397 ആന്റിജന്‍ ടെസ്റ്റും നടന്നു.
ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് കോഴിക്കോടാണ്-39,565. തിരുവനന്തപുരത്ത് 29,008 പേരെയും എറണാകുളത്ത് 36,671 പേരെയും പരിശോധിച്ചു. എല്ലാ ജില്ലകളിലും ലക്ഷ്യം മറികടന്നു. കോവിഡ് കൂട്ടപ്പരിശോധനയില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
കേരളത്തില്‍ ശനിയാഴ്ച 13,835 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പരിശോധനയ്ക്കൊപ്പം ഇന്നലെ നടന്ന കൂട്ടപ്പരിശോധനയുടെ ഏതാനും ഫലങ്ങളും ഉള്‍പ്പെടുന്നതാണ് ഈ കണക്ക്. 81211 പേരെ പരിശോധിച്ചപ്പോള്‍ 13,835 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 17.04ലേക്ക് കുതിച്ചു.
കേരളത്തില്‍ രേഖപ്പെടുത്തിയ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നു. 80,019 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്.
കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. ഞായറാഴ്ചകളില്‍ കൂടിച്ചേരലുകള്‍ അഞ്ച് പേരില്‍ മാത്രം ചുരുക്കേണ്ടതാണ്. അവശ്യവസ്തുക്കളുടെ സേവനങ്ങളും ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ട കടകളും മാത്രം വൈകുന്നേരം ഏഴ് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
ബീച്ച്,പാര്‍ക്ക്, ടൂറിസം പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുഇടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.പൊതുഗതാഗത സംവിധാനം സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷാര്‍ത്ഥികള്‍ കൃത്യമായ കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.