മാത്തേവൂസ് എന്ന ബ്രസീലിയൻ ബാലന്റെ സൗഖ്യം വാഴ്ത്തപ്പെട്ട കാർലോയുടെ മധ്യസ്ഥതക്കു മാറ്റേകുമ്പോൾ ലോകങ്ങമെങ്ങും ഈ ബാലൻ ശ്രദ്ധാകേന്ദ്രമാകുകയാണ്. ജന്മനാ പാൻക്രിയാസിന്റെ തകരാറുമൂലം ക്‌ളേശിച്ചിരുന്ന മാത്തേവൂസ് എങ്ങനെ സൗഖ്യമായി? എന്തായിരുന്നു സൗഖ്യത്തിലേക്കു നയിച്ച സംഭവം ?
2009 ലാണ് മാത്തേവൂസ് ജനിച്ചത്. ജന്മനായുള്ള പാൻക്രിയാസ് തകരാറു നിമിത്തം സഹിക്കാനാകാത്ത വയറുവേദനയും ഭക്ഷണം കഴിക്കാൻ പ്രയാസവും അനുഭവിക്കുന്ന കുട്ടി. എന്തെങ്കിലും കഴിച്ചാൽ ഉടൻ തന്നെ ശർദ്ദിച്ചു പുറത്തു പോകും. നാലുവയസായപ്പോഴും അവനു ഒൻപതു കിലോഗ്രാം മാത്രമായിരുന്നു ഭാരം.വിറ്റാമിനുകളും പ്രോട്ടീനും മാത്രം കഴിച്ചു ജീവിക്കേണ്ട ദുരവസ്ഥയിൽ അവൻ അധികകാലം മുന്നോട്ടുപോകില്ല എന്ന അറിവ് അവന്റെ കുടുംബത്തെ ഒന്നാകെ തളർത്തി. പക്ഷെ ഉത്തമ വിശ്വാസിയായിരുന്ന അവന്റെ അമ്മ പ്രാർത്ഥനയിൽ ശരണം പ്രാപിച്ചു.
ഇതിനിടയിലാണ് കുടുംബ സുഹൃത്തായ ഫാ. മാഴ്‌സെലോ ടെനേറിയോ, കാർലോ അക്യൂട്ടീസിനെക്കുറിച്ചു കേട്ടത്. 2013 ൽ അദ്ദേഹം കാർലോയുടെ അമ്മയെ സന്ദർശിച്ചു ഒരു തിരുശേഷിപ്പ് സംഘടിപ്പിച്ചു. നാട്ടിലെത്തിയ ഉടൻ സ്വന്തം ഇടവകയിൽ വിശുദ്ധകുർബാനയോടൊപ്പമുള്ള രോഗ ശാന്തി ശുശ്രൂഷ സംഘടിപ്പിച്ചു. കാർലോയുടെ തിരുശേഷിപ്പിൽ തൊട്ടുകൊണ്ടു സൗഖ്യത്തിനായി പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.
മാത്തേവൂസിന്റെ 'അമ്മ അവനെയും കൊണ്ട് പ്രാര്ഥിക്കാനായി അവിടെ എത്തിയിട്ടുണ്ടായിരുന്നു. വിശ്വാസത്തോടെ തിരുശേഷിപ്പിൽ സ്പർശിച്ച ബാലൻ ഒറ്റകാര്യം മാത്രമേ പറഞ്ഞുള്ളൂ, " അക്യൂട്ടീസ്, എന്റെ ഈ സഹിക്കാനാവാത്ത ശർദ്ദിൽ ഒന്ന് നിർത്തി തരാമോ?" പ്രാർത്ഥനക്കു വരുന്നതിന്റെ തലേദിവസം തന്നെ അവന്റെ 'അമ്മ അക്യൂട്ടീസിന്റെ ഒരു നൊവേന ചൊല്ലി പ്രാർത്ഥിച്ചിരുന്നു.
എന്തായാലും സൗഖ്യ ശുശ്രൂഷ കഴിഞ്ഞു മടങ്ങവേ മാത്തേവൂസ് അമ്മയോട് പറഞ്ഞു, "ഞാൻ സുഖമായെന്നാണ് എനിക്ക് തോന്നുന്നതമ്മേ!" വീട്ടിലെത്തിയ ഉടൻ അവൻ ഫ്രഞ്ച് ഫ്രൈസും ചോറും ബീൻസുമൊക്കെ വേണമെന്ന് ശാഠ്യം പിടിച്ചു. 'അമ്മ കൊടുത്തതെല്ലാം ഒറ്റയടിക്ക് അകത്താക്കി. അത്ഭുതം; ശർദ്ദിക്കുന്നില്ല! അടുത്തദിവസം, അതിനടുത്തദിവസം എന്തൊക്കെകഴിച്ചിട്ടും അതെല്ലാം ശരീരം സ്വീകരിക്കുന്നു. അമ്മ അവനെ ഡോക്ടർമാരുടെ അടുത്തെത്തിച്ചു. അവർക്കും അത്ഭുതം അടക്കാനായില്ല.
അവന്റെ അമ്മ ഒരു വിശ്വാസി ആയിരുന്നെങ്കിലും ദൈവ സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ അത്ര തത്പരയായിരുന്നില്ല. ഈ അത്ഭുതത്തോടൊപ്പം അക്യൂട്ടീസിന്റെ ജീവിതവും അവരെ മാറ്റി മറിക്കുകയായിരുന്നു. ഇന്റർനെറ്റിലൂടെ ദൈവസ്നേഹം പങ്കുവയ്ക്കാൻ ഏറെ പരിശ്രമിച്ച ആ അത്ഭുത ബാലനെപ്പോലെ മാത്തേവൂസിന്റെ അമ്മയും ആളുകളോട് ദൈവം തന്നോട് ചെയ്തത് വിവരിക്കാൻ തുടങ്ങി. അതുവരെ ഫോൺ പോലും ഉപയോഗിക്കാൻ വിസമ്മതിച്ചിരുന്ന ആ വീട്ടമ്മ പ്രത്യാശ നഷ്ടപ്പെട്ട, വേദനിക്കുന്ന സകലരോടും പറഞ്ഞു തുടങ്ങി, "വിഷമിക്കരുത്, ദൈവം നിങ്ങളെ സഹായിക്കും."
അക്യൂട്ടീസ്, നിന്റെ അത്ഭുത സംഭവങ്ങളിലൂടെ, നിന്റെ ജീവിതത്തിലൂടെ നീ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക. ഞങ്ങളും വിശുദ്ധരാകട്ടെ. വിശുദ്ധകുർബാനയെന്ന രാജവീഥിയിലൂടെ ഞങ്ങളും നിന്നോടൊപ്പം എത്തട്ടെ
ജോസഫ് ദാസൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26