സിഡ്‌നി: ഓസ്‌ട്രേലിയയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ ലെറ്റൂസ് പാക്കറ്റില്‍ കണ്ടെത്തിയ ഉഗ്രവിഷമുള്ള പാമ്പിന്‍ കുഞ്ഞിനെ ക്വീന്‍സ്ലാന്‍ഡിലെ വാസസ്ഥലത്തേക്കു തിരിച്ചയച്ചു. കഴിഞ്ഞയാഴ്ച്ച സിഡ്‌നിയിലെ ആല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ ലെറ്റൂസ് പാക്കറ്റില്‍നിന്നാണ് ദമ്പതികള്‍ക്ക് പാമ്പിനെയും കിട്ടിയത്. 20 സെന്റിമീറ്ററോളം നീളമുള്ള പാമ്പ് സൂപ്പര്‍മാര്‍ക്കറ്റിലെ ഗ്രോസറി കാബിനറ്റിലെ ലെറ്റൂസ് പാക്കറ്റിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു.
വീട്ടിലെത്തി സാധനങ്ങളുടെ പാക്കറ്റുകള്‍ പൊട്ടിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ദമ്പതികള്‍ അറിയിച്ചതനുസരിച്ച് ന്യൂ സൗത്ത് വെയില്‍സിലെ വന്യജീവി സംരക്ഷണ സംഘടനയായ വൈല്‍ഡ്‌ലൈഫ് ഇന്‍ഫര്‍മേഷന്‍, റസ്‌ക്യൂ ആന്‍ഡ് എഡ്യൂക്കേഷന്‍ സര്‍വീസില്‍ (വയര്‍സ്) നിന്നുള്ള വിദഗ്ധര്‍ എത്തി പാമ്പിനെ 1,000 കിലോമീറ്റര്‍ അകലെയുള്ള ക്വീന്‍സ് ലാന്‍ഡിലെ തൂവൊമ്പയില്‍ എത്തിച്ചു. ഇവിടെനിന്നാണ് ലെറ്റൂസ് പറിച്ചെടുത്തതെന്ന് ആല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ അറിയിച്ചിരുന്നു. പെട്ടിയില്‍നിന്ന് തുറന്നുവിട്ടയുടനെ പാമ്പ് കുറ്റിക്കാട്ടില്‍ അപ്രത്യക്ഷമായി.
എല്ലാ ജീവികള്‍ക്കും ജീവിക്കാനും അവരുടെ സ്ഥലത്തേക്ക് മടങ്ങാനും അവകാശമുണ്ടെന്നു വയര്‍സ് എമര്‍ജന്‍സി റെസ്‌പോണ്ടര്‍ ആമി റെഗ് പറഞ്ഞു. കൃഷിസ്ഥലത്തുനിന്ന് ലെറ്റൂസിന്റെ പാക്കറ്റില്‍ അകപ്പെട്ട പാമ്പ് 2,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് സിഡ്‌നിയിലെത്തിയത്. ഒരാഴ്ചയോളമാണ് ന്യൂ സൗത്ത് വെയില്‍സില്‍ പാമ്പിനെ സൂക്ഷിച്ചത്.
ഓസ്‌ട്രേലിയന്‍ മ്യൂസിയത്തിന്റെ പഠനം അനുസരിച്ച്, ഈ വിഭാഗത്തിലുള്ള പാമ്പുകള്‍ കടിച്ച് മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കഠിനമായ തലവേദന, കാഴ്ച മങ്ങല്‍, രക്തസ്രാവം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കടിയേറ്റാല്‍ വേഗം ആശുപത്രിയില്‍ ചികിത്സ തേടണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26