വെല്ലിംഗ്ടണ്‍: ചൈനയെ പിന്തുണച്ച് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി നാനയ മഹുത്ത നടത്തിയ പരാമര്‍ശങ്ങള്‍ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കുമെന്ന് ആശങ്ക. ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ഫൈവ് ഐസ് (അഞ്ച് കണ്ണുകള്‍) ഇന്റലിജന്‍സ് ഷെയറിംഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ചൈനയെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കങ്ങളെ നാനയ മഹുത്ത വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ ന്യൂസിലാന്‍ഡ് കൂടുതല്‍ സ്വതന്ത്രമായ വിദേശനയം രൂപീകരിക്കുമെന്ന വ്യക്തമായ സൂചനയും അവര്‍ നല്‍കി.
ചൈനയുടെ ആക്രമണാത്മക നിലപാടുകള്‍ക്ക് പ്രതിരോധം തീര്‍ക്കാനുള്ള അഞ്ചു രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് ന്യൂസിലന്‍ഡിലെ ജസീന്ദ അര്‍ഡേണ്‍ സര്‍ക്കാര്‍ തുരങ്കംവെക്കുകയാണെന്ന നിലപാടുമായി ഓസ്ട്രേലിയ രംഗത്തുവന്നതോടെ ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമിടയില്‍ ഭിന്നത മറനീക്കി പുറത്തുവന്നു.
അഞ്ചു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫൈവ് ഐസ് കൂട്ടായ്മ ഇന്റലിജന്‍സ് ഷെയറിംഗ് ഗ്രൂപ്പായിട്ടാണു രൂപീകരിച്ചെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സഖ്യത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രഹസ്യാന്വേഷണം എന്നതില്‍ മാത്രം ഫൈവ് എസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മഹുത പറഞ്ഞു.
ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി നാനയ മഹുത്തയുമായും പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണുമായുള്ള ചര്‍ച്ചകള്‍ക്കായി ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ ന്യൂസിലന്‍ഡ് സന്ദര്‍ശിക്കാനിരിക്കെയാണ് ഈ പരാമര്‍ശങ്ങള്‍. ചൈനയോടുള്ള ന്യൂസിലന്‍ഡിന്റെ മൃദുസമീപനം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെയും സിന്‍ജിയാങ്ങിലെയും ചൈനയുടെ ആക്രമണങ്ങളെ വിമര്‍ശിച്ച് ഫൈവ് ഐസ് ഗ്രൂപ്പ് നടത്തിയ സമീപകാല പ്രസ്താവനകളോട് ബീജിംഗ് രൂക്ഷമായാണു പ്രതികരിച്ചത്..
കയറ്റുമതി വരുമാനത്തിനായി ചൈനയെ ന്യൂസിലന്‍ഡ് ആശ്രയിക്കുന്നത് കുറയ്ക്കാന്‍ വാണിജ്യ ബന്ധങ്ങള്‍ വൈവിധ്യവത്കരിക്കുമെന്നു വിദേശകാര്യ മന്ത്രി പറഞ്ഞു. ചൈനയുമായി മാന്യമായ ബന്ധമാണ് ന്യൂസിലന്‍ഡ് ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തുു. അടുത്തിടെ, ന്യൂസിലാന്‍ഡിലെ വാണിജ്യ മന്ത്രി ചൈനയോട് കൂടുതല്‍ ബഹുമാനം പുലര്‍ത്താനും നയതന്ത്രപരമായി ഇടപെടാനും ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ചൈനയ്ക്കെതിരായ നിലപാടുകളില്‍ ന്യൂസിലന്‍ഡ് ഫൈവ് ഐസിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ചു മാത്രമേ ഓസ്ട്രേലിയയ്ക്ക് ചൈനയോടുള്ള നിലപാട് സ്വീകരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി ചൈനീസ് നിക്ഷേപ കരാറുകള്‍ വീറ്റോ ചെയ്തുകൊണ്ട് മോറിസണ്‍ സര്‍ക്കാര്‍ യുഎസിന്റെ നേതൃത്വത്തിലുള്ള വ്യാപാര യുദ്ധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ബീജിംഗ് ഓസ്ട്രേലിയന്‍ കയറ്റുമതിയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.