വാക്‌സിന്‍ ക്ഷാമം രൂക്ഷം: സംസ്ഥാനത്തെ മെഗാ ക്യാമ്പുകള്‍ മിക്കതും പൂട്ടി

വാക്‌സിന്‍ ക്ഷാമം രൂക്ഷം: സംസ്ഥാനത്തെ മെഗാ ക്യാമ്പുകള്‍ മിക്കതും പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ മിക്ക മെഗാ വാക്‌സിന്‍ ക്യാമ്പുകളിലും പ്രവര്‍ത്തനം നിലച്ചു. 50 ലക്ഷം ഡോസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും മൂന്നു ദിവസത്തിനിടയില്‍ മൂന്ന് ലക്ഷത്തില്‍ താഴെ ഡോസാണു ലഭിച്ചത്. 4,72,910 ഡോസാണ് നിലവില്‍ സ്റ്റോക്കുള്ളത്.

രണ്ട് ലക്ഷം ഡോസ് കൂടി ഇന്നെത്തുമെന്നാണ് പ്രതീക്ഷ. ദിവസേന 2.5 ലക്ഷം പേര്‍ക്കു നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും വാക്‌സിന്‍ ലഭിക്കാത്തതു തിരിച്ചടിയായി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാക്‌സിന്‍ വാങ്ങാന്‍ കഴിയുമോ എന്നും ആലോചിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമായി. വാക്സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്സിന്‍ മുടങ്ങി. ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമാണന്നും അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ 158 വാക്‌സിന്‍ കേന്ദ്രങ്ങളില്‍ 28 കേന്ദ്രങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തലസ്ഥാനത്തെ പ്രധാന വാക്‌സിനേഷന്‍ കേന്ദ്രമായ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടത്തിയിരുന്ന ക്യാമ്പ് മുടങ്ങി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്നു സ്റ്റേഡിയത്തിനു പുറത്തു നോട്ടിസ് പതിച്ചു. അധികൃതരുടെ ഭാഗത്ത് ഏകോപനമില്ലാത്തതു കുത്തിവയ്പ് എടുക്കാനെത്തുന്നവരെ വലച്ചു. ഒരു ഡോസെടുത്തശേഷം അടുത്ത ഡോസെടുക്കാന്‍ വന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കു വാക്‌സീനില്ലാത്തതിനാല്‍ മടങ്ങേണ്ടിവന്നു.

കോട്ടയത്തും വാക്സിനേഷന്‍ ക്യാമ്പുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ട്. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളില്‍ രാവിലെ മുതല്‍ വലിയ ക്യൂ ആണുള്ളത്. 23 കേന്ദ്രങ്ങളും എട്ട് മെഗാ വാക്സിനേഷന്‍ ക്യാമ്പുകളും ജില്ലയിലുണ്ട്.

കോഴിക്കോടും വാക്സിന്‍ ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്സിന്‍ എപ്പോള്‍ വരുമെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. ആളുകള്‍ വന്ന് മടങ്ങി പോകുന്ന അനുഭവമാണ് മിക്ക കേന്ദ്രങ്ങളിലുമുള്ളത്. മലപ്പുറത്തും 40000 ഡോസ് മാത്രമേ അവശേഷിക്കുന്നുള്ളൂ. കണ്ണൂരും അടുത്ത ദിവസത്തേക്കുള്ള വാക്സിന്‍ സ്റ്റോക്കില്ലെന്ന് വിവരം. വാക്സിന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ട് ഒമ്പത് ദിവസമായിട്ടും പ്രതികരണമൊന്നുമില്ല.

കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 12,281 പേരാണ്. ചികിത്സയിലുള്ളത് 1,03,004 പേര്‍. ആകെ നിരീക്ഷണത്തിലുള്ളവര്‍ 2,47,158 പേര്‍. 889 പേരാണ് ഐസിയുവിലുള്ളത്. വെന്റിലേറ്ററില്‍ 248 പേരുണ്ട്.

സിഎഫ്എല്‍ടിസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചു ചികിത്സാ സൗകര്യം ശക്തമാക്കാനും നടപടികള്‍ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളില്‍ 20 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കു മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കി.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.