ചെറിയാന്റെ ചെറിയൊരു കുറിപ്പിനെച്ചൊല്ലി ചര്‍ച്ച; കോണ്‍ഗ്രസിലേക്ക് മടക്കമെന്ന് സൂചന

ചെറിയാന്റെ ചെറിയൊരു കുറിപ്പിനെച്ചൊല്ലി ചര്‍ച്ച; കോണ്‍ഗ്രസിലേക്ക് മടക്കമെന്ന് സൂചന

തിരുവനന്തപുരം: വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നേക്കാമെന്ന സൂചന നല്‍കി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹം ഫെയ്‌സ് ബുക്കിലിട്ട ചെറിയൊരു കുറിപ്പ് അത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 'കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.'- ഇതാണ് ചെറിയാന്റെ കുറിപ്പ്.

രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിന് സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനിടെയാണ് നാളെ എന്തുവേണമെങ്കിലും സംഭവിക്കാമെന്നും ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല എന്നുമുള്ള ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നത്.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ പരിഹസിച്ചും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചും കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം മുഖപ്രസംഗം എഴുതിയിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചെറിയാന്‍ ഫിലിപ്പിനെ ഉപാധികളില്ലാതെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.


ഇതിന് മറുപടിയായി രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് പറഞ്ഞ ചെറിയാന്‍ ഫിലിപ്പ്, ബാല്യം മുതല്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടതായും ഇരുവരും ജേഷ്ഠ സഹോദരന്‍മാരെപ്പോലെയാണന്നും വ്യക്തമാക്കിയിരുന്നു.

ഈ പ്രതികരണങ്ങളെല്ലാം അദ്ദേഹം മാതൃ സംഘടനയായ കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും വിലയിരുത്തപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.