ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ കാര്യം പലരും അറിഞ്ഞില്ല: വാക്സിനെടുക്കാന്‍ ഇന്നും വന്‍ തിരക്ക്; വാക്കുതര്‍ക്കം

ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ കാര്യം പലരും അറിഞ്ഞില്ല:  വാക്സിനെടുക്കാന്‍ ഇന്നും വന്‍ തിരക്ക്; വാക്കുതര്‍ക്കം

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പം സംസ്ഥാനത്ത് പലയിടങ്ങളിലും തര്‍ക്കങ്ങള്‍ക്കിടയാക്കി.വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പല കേന്ദ്രങ്ങളിലും വലിയ ജനക്കൂട്ടമാണ്. പുലര്‍ച്ചെ മുതല്‍ പല വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലും നീണ്ട നിര രൂപപ്പെട്ടിരുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരവധിയാളുകള്‍ വാക്സിനേഷന് എത്തിയതിനെ തുടര്‍ന്ന് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. ജീവനക്കാരുമായി വാക് തര്‍ക്കവും ഉണ്ടായി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കു മാത്രമേ വാക്സിന്‍ നല്‍കൂ എന്ന് ഇന്നലെ വൈകിട്ടോടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും രജിസ്ട്രേഷന്‍ ഇല്ലാത്തവരുടെ വലിയ നിര തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ തന്നെ രൂപപ്പെട്ടിരുന്നു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ കാര്യം പലരും അറിഞ്ഞില്ല. രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കു പലര്‍ക്കും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം രജിസ്ട്രേഷന്‍ ലഭിച്ചതുമില്ല. കഴിഞ്ഞ ദിവസംവരെ സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന കാര്യം ആശുപത്രിയില്‍ എഴുതിവെക്കുകയോ അറിയിക്കുകയോ ചെയ്തില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ഒന്നാം ഡോസും രണ്ടാം ഡോസും എടുക്കാനുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയും രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കു മാത്രം ടോക്കണ്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍, രാവിലെ തന്നെ ക്യൂ നിന്ന പലര്‍ക്കും ടോക്കണ്‍ നല്‍കാതിരുന്നത് പിന്നീടും വാക്കുതര്‍ക്കത്തിന് ഇടയാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.