'വര്‍ഗ വഞ്ചകാ... രക്തസാക്ഷികള്‍ പൊറുക്കില്ല'; മന്ത്രി ജി.സുധാകരനെതിരെ പുന്നപ്രയില്‍ പോസ്റ്റര്‍

 'വര്‍ഗ വഞ്ചകാ... രക്തസാക്ഷികള്‍ പൊറുക്കില്ല'; മന്ത്രി ജി.സുധാകരനെതിരെ പുന്നപ്രയില്‍ പോസ്റ്റര്‍

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴ പുന്നപ്ര സമരഭൂമി വാര്‍ഡില്‍ പോസ്റ്റര്‍. 'വര്‍ഗ വഞ്ചകാ... രക്തസാക്ഷികള്‍ പൊറുക്കില്ല എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്റര്‍ പതിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പിന്നീട് സി.പി.ഐ.എം പ്രവര്‍ത്തകരെത്തി നീക്കം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ജി.സുധാകരനെ മാറ്റി നിര്‍ത്തിയതോടെ കടുത്ത മത്സരം നടന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സ്ഥാനാര്‍ത്ഥി എച്ച്. സലാമിനൊപ്പമുള്ള മന്ത്രി ജി സുധാകരന്റെ പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പായല്‍ക്കുളങ്ങരയില്‍ പതിച്ച പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. കടുത്ത വിഭാഗീയത ആലപ്പുഴ സിപിഎമ്മില്‍ നിലനില്‍ക്കുന്നതിന്റെ ഭാഗമായാണ് സുധാകരനെതിരായ പോസ്റ്റര്‍ എന്നാണ് സൂചന.

മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ സുധാകരനെതിരെ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. പിന്നീട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കുകയും ചെയ്തിരുന്നു. പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും മന്ത്രി മാപ്പ് പറയാതെ പരാതി പിന്‍വലിക്കില്ലെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

തനിക്കെതിരെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് സുധാകരന്‍ പറയുന്നത്. എന്നാല്‍, സുധാകരന്‍ പറഞ്ഞ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ സി.പി.എമ്മില്‍ ഇല്ലെന്നും അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവരെ നേരിടാനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും എ.എം ആരിഫ് എം.പി മറുപടി പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കായംകുളം എംഎല്‍എ യു.പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. 'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു എംഎല്‍എയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ഇത് സുധാകരനെ ലക്ഷ്യമിട്ടാണോയെന്ന ചര്‍ച്ചകള്‍ കത്തിക്കയറിയതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദവുമായി പ്രതിഭ രംഗത്തെത്തുകയും ചെയ്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.