ചൊവ്വയില്‍ പെര്‍സിവിയറന്‍സ് വീണ്ടും ചരിത്രം കുറിച്ചു; അന്തരീക്ഷത്തില്‍നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു

ചൊവ്വയില്‍ പെര്‍സിവിയറന്‍സ് വീണ്ടും ചരിത്രം കുറിച്ചു; അന്തരീക്ഷത്തില്‍നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു

വാഷിംഗ്ടണ്‍: ചൊവ്വയില്‍ വീണ്ടും നാസയുടെ പെര്‍സിവിയറന്‍സ് ചരിത്രം കുറിച്ചു. നാസയുടെ ചൊവ്വാ ദൗത്യവാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡില്‍നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു. ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം വിജയിച്ചതോടെയാണ് മറ്റൊരു ചരിത്രനേട്ടവും കൂടി നാസയുടെ ചൊവ്വാദൗത്യത്തിനു സ്വന്തമായത്. ഭാവിയിലെ ബഹിരാകാശപര്യവേക്ഷണങ്ങള്‍ക്ക് ഈ നേട്ടം പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.

ബഹിരാകാശ യാത്രികര്‍ക്ക് ശ്വസനത്തിനാവശ്യമായ ഓക്‌സിജന്‍ മാത്രമല്ല റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ കൂടി ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശയാത്രക്കാവശ്യമായ ഓക്‌സിജന്‍ ഭൂമിയില്‍നിന്ന് കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

റോവറിലെ മോക്‌സി എന്ന യന്ത്രമാണ് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചത്. സ്വര്‍ണാവരണമുള്ള പെട്ടിയാണിത്. പെര്‍സിവിയറന്‍സ് പേടകത്തിന്റെ മുന്‍ഭാഗത്ത് വലതുവശത്തായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.

അഞ്ച് ഗ്രാം ഓക്‌സിജനാണ് മോക്‌സി ഉത്പാദിപ്പിച്ചത്. ഒരു ബഹിരാകാശയാത്രികന് പത്ത് മിനിറ്റ് സമയത്തേക്ക് ശ്വസനത്തിനാവശ്യമായി വരുന്ന അളവാണിത്. മണിക്കൂറില്‍ പത്ത് ഗ്രാം ഓക്‌സിജന്‍ ഉത്പാദിപ്പിക്കാവുന്ന തരത്തിലാണ് മോക്‌സിയുടെ രൂപകല്‍പന. ഉയര്‍ന്ന താപനില അതിജീവിക്കാന്‍ ശേഷിയുള്ള നിക്കല്‍ അയിര് പോലെയുള്ള വസ്തുക്കളുപയോഗിച്ചാണ് മോക്‌സിയുടെ നിര്‍മാണം.

ചൊവ്വോപരിതലത്തിലെ മഞ്ഞുപാളികളില്‍ നിന്ന് ഓക്‌സിജന്‍ നിര്‍മിക്കുന്നതിനേക്കാള്‍ എളുപ്പവും പ്രായോഗികവുമാണ് 96 ശതമാനവും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറഞ്ഞ ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്‌സിജന്‍ ഉത്പാദനം. ഫെബ്രുവരി 18 നാണ് പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങിയത്. ചൊവ്വയില്‍ ഹെലികോപ്ടര്‍ പറത്താനും നാസയുടെ ചൊവ്വാദൗത്യത്തിന് സാധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.