പ്രതിരോധം മറികടക്കാന്‍ ശേഷിയുള്ള 'എന്‍440കെ' വൈറസ് വകഭേദം കേരളത്തില്‍

പ്രതിരോധം മറികടക്കാന്‍ ശേഷിയുള്ള 'എന്‍440കെ' വൈറസ് വകഭേദം കേരളത്തില്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വന്ന പാളിച്ചയാണ് കേരളത്തില്‍ ഇപ്പോഴുള്ള വൈറസ് വ്യാപനത്തിനു പ്രധാന കാരണമെന്ന് വിലയിരുത്തല്‍. കാസര്‍കോട്, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍നിന്നു കഴിഞ്ഞ മാസം ആദ്യവാരം വരെ ശേഖരിച്ച സാമ്പിളുകളില്‍ കൊറോണ വൈറസിന്റെ യുകെ വകഭേദം നാമമാത്രമായ തോതില്‍ ദൃശ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജിയുടെ (ഐജിഐബി) പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കേരളമുള്‍പ്പെടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ (ഇമ്യൂണ്‍ എസ്‌കേപ്) ശേഷിയുള്ള 'എന്‍440കെ' വകഭേദം വ്യാപിച്ചിട്ടുണ്ടെന്ന് ഐജിഐബിയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്‌കറിയ പറഞ്ഞു.

കഴിഞ്ഞ മാസം രണ്ടാം ആഴ്ച മുതല്‍ കേരളത്തില്‍നിന്നു ലഭിച്ചിട്ടുള്ള സാമ്പിളുകളില്‍ ജനിതക ശ്രേണീകരണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിന്റെ ഫലം ലഭ്യമാകും. ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിയന്ത്രണ നടപടികളുടെ ഫലം ദൃശ്യമാകാന്‍ 10 ദിവസമെങ്കിലുമെടുക്കും.

അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍ തുടങ്ങി 10 സംസ്ഥാനങ്ങളില്‍ ഇരട്ട വ്യതിയാനം സംഭവിച്ച ബി.1.617 വകഭേദമാണ് പ്രതിസന്ധിക്കു കാരണമായത്. വൈറസിന്റെ ഇരട്ട വ്യതിയാനം ഇന്ത്യയില്‍തന്നെ സംഭവിച്ചതാണ്. യുകെ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ വകഭേദം എത്തിയത് ഇന്ത്യയില്‍ നിന്നാണ്. ബംഗാളില്‍ മൂന്ന് വ്യതിയാനങ്ങള്‍ സംഭവിച്ച വകഭേദദം (ബി.1.618) ഒക്ടോബര്‍ മുതല്‍ കണ്ടു തുടങ്ങി. ഇപ്പോള്‍ ബംഗാളില്‍ കാണുന്നതില്‍ 1520 ശതമാനം വരെ ഈ വകഭേദമാണ്.

എന്നാല്‍ കേരളത്തില്‍ 10 ശതമാനം പേര്‍ പോലും കോവിഡ് പ്രതിരോധശേഷി നേടിയിട്ടില്ല. വാക്‌സിനുകള്‍ വൈറസ് വ്യാപനം വലിയ തോതില്‍ കുറയ്ക്കുന്നില്ലെങ്കിലും മരണനിരക്കു കുറയുന്നതില്‍ വലിയ പങ്കുണ്ട്. യുഎസില്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ വൈറസ് ബാധിതരായ വയോജനങ്ങളുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.