സിഡ്‌നി: ഇന്തോനേഷ്യയില്‍ 53 നാവികരുമായി കടലില്‍ അപ്രത്യക്ഷമായ അന്തര്‍വാഹിനിക്കു വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്കു കടന്നു. അന്തര്‍വാഹിനി കാണാതായ ഭാഗത്ത് 50 മുതല്‍ 100 മീറ്റര്‍ ആഴത്തില്‍ ഉയര്‍ന്ന കാന്തികശക്തിയുള്ള വസ്തു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ബാലി ദ്വീപിന് 96 കിലോമീറ്റര്‍ അകലെ മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായുള്ള സഞ്ചാരത്തിനിടെയാണു ജര്‍മന്‍ നിര്‍മിത കെ.ആര്‍.ഐ നംഗ്ഗലാ-402 എന്ന മുങ്ങിക്കപ്പല്‍ കാണാതായത്. 44 വര്‍ഷം പഴക്കമുണ്ടിതിന്. ഓസ്‌ട്രേലിയയും ഇന്ത്യയും രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. സിംഗപ്പൂര്‍ സേനയും മേഖലയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. 
നാവികര്‍ക്ക് ശനിയാഴ്ച വരെയുള്ള ഓക്‌സിജനാണ് കപ്പലിലുള്ളതെന്ന് ഇന്തോനേഷ്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്തോനേഷ്യന്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കപ്പലുമായി സമ്പര്‍ക്കം നഷ്ടപ്പെട്ടതെന്ന് സൈനിക മേധാവി ഹാദി താജാന്റോ പറഞ്ഞു. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ സഹായങ്ങളും ഇന്തോനേഷ്യന്‍ സൈന്യത്തിന് വാഗ്ദാനം ചെയ്തു. അപകടം വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്നും ഇത് ഇന്തോനേഷ്യന്‍ നാവികസേനയ്ക്കും നാവികരുടെ കുടുംബങ്ങള്‍ക്കുമുണ്ടാക്കുന്ന വിഷമം വളരെ വലുതാണെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.
ഇന്തോനേഷ്യയുടെ മുങ്ങിക്കപ്പലില്‍നിന്ന് തികച്ചും വ്യത്യസ്തമായ അന്തര്‍വാഹിനികളാണ് ഓസ്‌ട്രേലിയ ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സും ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷനും ഇന്തോനേഷ്യയിലെ പ്രതിരോധ സംവിധാനങ്ങളുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തങ്ങളുടെ അയല്‍ക്കാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മാരിസ് പെയ്ന്‍ കൂട്ടിച്ചേര്‍ത്തു. 
ഓസ്ട്രേലിയന്‍ യുദ്ധക്കപ്പലുകളായ അന്‍സാക് ഫ്രിഗേറ്റ് എച്ച്.എം.എ.എസ് ബല്ലാറാത്ത്, എച്ച്.എം.എ.എസ് സിറിയസ് എന്നിവയാണ് രക്ഷാദൗത്യത്തില്‍ പങ്കുചേരുന്നത്. 
മുങ്ങിക്കപ്പലിനെക്കുറിച്ച് വരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ അന്തര്‍വാഹിനി രക്ഷാപ്രവര്‍ത്തകന്‍ ഫ്രാങ്ക് ഓവന്‍ പറഞ്ഞു. കപ്പല്‍ അവസാനമായി കണ്ട സ്ഥലത്തിന് സമീപം വിമാനങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ കടലില്‍ എണ്ണപ്പാട ദൃശ്യമായതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. 
കപ്പല്‍ അറുന്നൂറ് മീറ്ററിനപ്പുറത്തേക്ക് താണുപോയിരിക്കാമെന്ന ആശങ്കയുണ്ട്. ആധുനിക അന്തര്‍വാഹിനികള്‍ക്ക് 600 മീറ്റര്‍ ആഴത്തില്‍ സുരക്ഷിതമായി മുങ്ങാന്‍ കഴിയുമെങ്കിലും 1980 ല്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിയുടെ ശേഷി എത്രത്തോളമുണ്ടെന്നു സംശയമാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.