ജനങ്ങള്‍ പ്രാണ വായുവിനായി പരക്കം പായുന്നു: ആശങ്കപ്പെട്ട് പരമോന്നത നീതി പീഠം

ജനങ്ങള്‍ പ്രാണ വായുവിനായി പരക്കം പായുന്നു: ആശങ്കപ്പെട്ട് പരമോന്നത നീതി പീഠം

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തില്‍ ഇടപെട്ട് പരമോന്നത നീതി പീഠം. ജനങ്ങള്‍ ഓക്സിജനായി പരക്കം പായുകയാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ തമിഴ്നാട്ടിലെ വേദാന്ത ഓക്സിജന്‍ പ്ലാന്റില്‍ തമിഴ്നാട് സര്‍ക്കാരിനായി ഓക്സിജന്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വയമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിച്ചപ്പോഴാണ് രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് കോടതി വിലയിരുത്തിയത്.

തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് വേദാന്തയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേ തമിഴ്നാട് സര്‍ക്കാരിനുവേണ്ടി ഹാജരായാ അഭിഭാഷകന്‍ വേദാന്ത ഓക്സിജന്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ അത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സുപ്രീം കോടതി നിങ്ങള്‍ക്കവിടെ ഓക്സിജന്‍ നിര്‍മ്മിച്ചുകൂടെയെന്ന് സര്‍ക്കാരിനോട് ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങള്‍ ഓക്സിജനായി പരക്കം പായുകയാണ്. അപ്പോഴാണ് ഓക്സിജന്‍ നിര്‍മ്മിക്കുന്ന ഒരു പ്ലാന്റ് അടച്ചിട്ടിരിക്കുന്നത്. ആര് ഓക്സിജന്‍ ഉത്പാദിപ്പിക്കും എന്നുള്ളതല്ല പ്രശ്നം. അത് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കോടതി സ്വയമേധയാ എടുത്ത കേസില്‍ നിന്ന് അമിക്കസ് ക്യൂറിയായി കോടതി നിയമിച്ച ഹരീഷ് സാല്‍വേ പിന്‍മാറുന്നുവെന്ന് കോടതിയെ അറിയിച്ചു. താനും ചീഫ് ജസ്റ്റിസും തമ്മിലുള്ള സൗഹൃദത്തെ പലരും തെറ്റായാണ് വ്യാഖ്യാനിച്ചത്. അതില്‍ തനിക്ക് വിഷമം ഉണ്ടെന്നും അതിനാല്‍ ഒഴിയണമെന്നുമാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. എന്നാല്‍ തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു. പക്ഷേ ഹരീഷ് സാല്‍വെ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥാനം ഒഴിയാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.