ഓസ്ട്രേലിയയില്‍ അസ്ട്രാസെനക്ക വാക്‌സിന്‍ സ്വീകരിച്ച മൂന്നു പേര്‍ക്കു കൂടി രക്തം കട്ട പിടിച്ചു; ഒരാള്‍ 50 വയസിനു മുകളില്‍ പ്രായമുള്ളയാള്‍

ഓസ്ട്രേലിയയില്‍ അസ്ട്രാസെനക്ക വാക്‌സിന്‍ സ്വീകരിച്ച മൂന്നു പേര്‍ക്കു കൂടി രക്തം കട്ട പിടിച്ചു; ഒരാള്‍ 50 വയസിനു മുകളില്‍ പ്രായമുള്ളയാള്‍

സിഡ്‌നി: ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിരോധ വാക്‌സിനായ അസ്ട്രാസെനക്ക സ്വീകരിച്ചതിന്റെ പാര്‍ശ്വഫലമായി മൂന്നു പേര്‍ക്കു കൂടി രക്തം കട്ട പിടിച്ചതായി തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടി.ജി.എ) സ്ഥിരീകരിച്ചു. 50 വയസിനു മുകളിലുള്ളയാള്‍ക്ക് ആദ്യമായി രക്തം കട്ട പിടിച്ചത് ഉള്‍പ്പെടെയാണ് മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഓസ്ട്രേലിയയില്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം രക്തം കട്ട പിടിച്ചവരുടെ എണ്ണം ആറായി.

1.1 ദശലക്ഷം ഡോസുകള്‍ നല്‍കിയതിലാണ് ഇതുവരെ ആറ് രക്തം കട്ടപിടിക്കല്‍ കേസുകള്‍ ഉണ്ടായിട്ടുള്ളത്. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം (ടി.ടി.എസ്.) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള സ്ത്രീ (35), ക്വീന്‍സ്ലന്‍ഡില്‍നിന്നുള്ള പുരുഷന്‍ (49), വിക്ടോറിയയില്‍നിന്നുള്ള 80 വയസുള്ള പുരുഷനുമാണ് പുതുതായി രക്തം കട്ടപിടിച്ചത്. 50 വയസിനു മുകളില്‍ രക്തം കട്ട പിടിച്ച ആദ്യത്തെ കേസാണിത്.

കഴിഞ്ഞയാഴ്ച്ച 48 വയസുകാരിയായ ഓസ്ട്രേലിയന്‍ യുവതി രക്തം കട്ടപിടിച്ച് മരിച്ചത് അസ്ട്രാസെനെക വാക്സിനുമായി ബന്ധമുണ്ടെന്ന് ടി.ജി.എ സ്ഥിരീകരിച്ചിരുന്നു. രക്തം കട്ട പിടിച്ച കേസുകളില്‍ ആദ്യത്തെ മരണമായിരുന്നു ഇത്.

50 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമായി ആസ്ട്രാസെനക്ക വാക്‌സിന്‍ നല്‍കുന്നതു പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അസ്ട്രാസെനക സ്വീകരിച്ച 50 വയസിന് താഴെയുള്ളവര്‍ക്കാണ് രക്തം കട്ട പിടിച്ച കേസുകള്‍ കൂടുതലുണ്ടായത്. അതിനാല്‍ ആദ്യത്തെ ഡോസ് ലഭിക്കാത്ത 50 വയസില്‍ താഴെയുള്ളവര്‍ക്കു ഫൈസര്‍ വാക്‌സിനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

മൂന്ന് പുതിയ കേസുകള്‍ക്കും വാക്സിനുമായി ബന്ധമുണ്ടെന്ന് ടി.ജി.എയുടെ വാക്‌സിന്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ഗ്രൂപ്പ് (വി.എസ്.ഐ.ജി) സ്ഥിരീകരിച്ചു. മൂന്ന് രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുവെന്നും ടി.ജി.എ പ്രസ്താവനയില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.