ഓസ്‌ട്രേലിയയില്‍ ആംബുലന്‍സിനായി ആറുമണിക്കൂറിലധികം കാത്തിരുന്ന യുവതി ചികിത്സ കിട്ടാതെ മരിച്ചു; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു

ഓസ്‌ട്രേലിയയില്‍ ആംബുലന്‍സിനായി ആറുമണിക്കൂറിലധികം കാത്തിരുന്ന യുവതി ചികിത്സ കിട്ടാതെ മരിച്ചു; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മെല്‍ബണില്‍ ആംബുലന്‍സിനായി ആറുമണിക്കൂറിലധികം വീട്ടില്‍ കാത്തിരുന്ന യുവതി ചികിത്സ കിട്ടാതെ മരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി മാര്‍ട്ടിന്‍ ഫോളി ഉത്തരവിട്ടു. മെല്‍ബണിലെ കാള്‍ഫീല്‍ഡ് നോര്‍ത്തില്‍ താമസിക്കുന്ന 30 വയസുള്ള സ്ത്രീ ബുധനാഴ്ച രാത്രി മരവിപ്പും വിറയലും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് 000 ആംബുലന്‍സ് നമ്പറില്‍ വിളിച്ചത്. ആറു മണിക്കൂറിനു ശേഷം ആംബുലന്‍സ് വീട്ടില്‍ എത്തി പാരാമെഡിക്കല്‍ ജീവനക്കാര്‍ പരിശോധന നടത്തുമ്പോള്‍ സ്ത്രീ മരിച്ച നിലയിലായിരുന്നു.
ഓസ്‌ട്രേലിയയില്‍ ആരോഗ്യരംഗത്ത് രോഗികള്‍ കടുത്ത അവഗണന നേരിടുന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ സംഭവം.

25 മുതല്‍ 60 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തേണ്ട അടിയന്തരാവസ്ഥയുള്ള കോഡ് 2 അല്ലെങ്കില്‍ കോഡ് 3 വിഭാഗത്തിലുള്ള യുവതിയായിരുന്നു അതെന്ന് മനസിലാക്കാനായതായി ആംബുലന്‍സ് യൂണിയന്‍ സെക്രട്ടറി ഡാനി ഹില്‍ പറഞ്ഞു. കമ്മ്യൂണിക്കേഷന്‍ സെന്റര്‍ യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചക്കുകയും പാരാമെഡിക്കല്‍ സ്റ്റാഫ് ആവുന്നത്ര നേരത്തെ വീട്ടില്‍ എത്താന്‍ ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ യുവതി മരിച്ചു.

ഗുരുതരാവസ്ഥയിലുള്ള കേസുകള്‍ കൂടുതലായി വന്ന ദിവസമായിരുന്നു അത്്. കൂടുതല്‍ ജീവനക്കാരും ആശുപ്രതിയില്‍ തന്നെയായിരുന്നു. ഇതുകൂടാതെ മറ്റു പല കാരണങ്ങളാലും താമസിക്കുന്ന സ്ഥലത്ത് എത്താന്‍ കാലതാമസം നേരിട്ടതായി ഹില്‍ പറഞ്ഞു. വീട്ടില്‍ നായയുണ്ടായിരുന്നു. തടസങ്ങള്‍ അതിജീവിച്ച് പാരാമെഡിക്കല്‍ വിഭാഗം വീട്ടില്‍ കയറിയപ്പോള്‍ സ്ത്രീ തറയില്‍ കിടക്കുകയായിരുന്നു.

വിക്‌ടോറിയ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ആംബുലന്‍സിനു വേണ്ടിയുള്ള ആവശ്യം വര്‍ധിക്കുമ്പോഴും അത് കൈകാര്യം ചെയ്യാന്‍ ആവശ്യത്തിന് ജീവനക്കാരില്ല. എമര്‍ജന്‍സി ബെഡിന്റെ അഭാവം അടക്കം നിരവധി ഘടകങ്ങള്‍ ഇത്തരം സംഭവങ്ങള്‍ക്കു കാരണമാണെന്നു ഹില്‍ പറഞ്ഞു.

ആരോഗ്യമന്ത്രി മാര്‍ട്ടിന്‍ ഫോളി മരണം സംബന്ധിച്ചും ആംബുലന്‍സ് വൈകാനിടയായ സാഹചര്യത്തെക്കുറിച്ചും ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആംബുലന്‍സ് വിക്ടോറിയയ്ക്കും സേഫ് കെയര്‍ വിക്ടോറിയയ്ക്കും നിര്‍ദേശം നല്‍കി.
ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, ഭീകരമായ അവസ്ഥയാണ്. യുവതിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നതായി മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26