'ഓക്സിജന്‍ തടയുന്നവരെ തൂക്കിക്കൊല്ലും': കേന്ദ്ര സര്‍ക്കാരിനെതിരെ മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി

 'ഓക്സിജന്‍ തടയുന്നവരെ തൂക്കിക്കൊല്ലും': കേന്ദ്ര സര്‍ക്കാരിനെതിരെ മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി. കോവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന് എതിരായ കോടതിയുടെ രൂക്ഷ വിമര്‍ശനം.

ഓക്സിജന്‍ തടസപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് കോടതി പറഞ്ഞു. ആരെയും വെറുതെ വിടില്ല. ഡല്‍ഹിക്ക് പ്രതിദിനം 480 മെട്രിിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പു തന്നിരുന്നതാണ്.

എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. കൃത്യമായ ഒരു തിയതി അറിയണം. ഡല്‍ഹിക്ക് ഇതുവരെ 480 മെട്രിക് ടണ്‍ ഓക്സിജന്‍ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ലെന്ന് കോടതി പറഞ്ഞു.

ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്. ഇപ്പോഴും രോഗബാധ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടില്ല. മേയ് പകുതിയോടെ അത് പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ രോഗബാധ കുത്തനെ ഉയര്‍ന്നേക്കാം. ആ സാഹചര്യത്തെ നേരിടുന്നതിന് ഏതുവിധത്തിലാണ് നമ്മള്‍ തയ്യാറെടുത്തിരിക്കുന്നതെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.