ഫ്രാന്‍സില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

ഫ്രാന്‍സില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

പാരീസ്: ഫ്രാന്‍സില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പാരീസിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ റാംബില്ലറ്റിലാണ് 49 കാരിയായ പോലീസ് ഉദ്യോഗസ്ഥ പോലീസ് സ്‌റ്റേഷനു പുറത്തുവച്ചു കൊല്ലപ്പെട്ടത്. അക്രമിയെ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നു.

ഫ്രാന്‍സില്‍ താമസിക്കുന്ന 36 വയസുള്ള ടുണീഷ്യന്‍ കുടിയേറ്റക്കാരനാണ് അക്രമിയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് റെക്കോര്‍ഡുകളില്‍ ഉള്‍പ്പെട്ടയാളല്ല അക്രമിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കൊലപാതകം തീവ്രവാദ ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണം നടക്കുകയാണ്. ഭീകര വിരുദ്ധ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

രാജ്യം കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥയ്ക്കും അവരുടെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം നില്‍ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു. ഇസ്ലാമിക ഭീകരതയ്ക്കെതിരായ പോരാട്ടം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാരീസിന് സമീപം മറ്റൊരു പട്ടണമായ കോണ്‍ഫ്‌ലാന്‍സില്‍ ഇസ്ലാം മതവിശ്വാസിയായ കൗമാരക്കാരന്‍ സ്‌കൂള്‍ അധ്യാപകനെ ശിരഛേദം ചെയ്ത സംഭവത്തിന് ആറ് മാസത്തിനു ശേഷമാണ് പുതിയ ആക്രമണം. അടുത്ത കാലത്തായി ഫ്രാന്‍സില്‍ ഇസ്ലാമിക തീവ്രവാദികളോ ഇസ്ലാം വിശ്വാസത്താല്‍ പ്രചോദിതരായ വ്യക്തികളോ നടത്തിയ ആക്രമണങ്ങളില്‍ 250-ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.