വി. ടെലസ്‌ഫോറസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായും തിരുസഭയുടെ ഒന്‍പതാമത്തെ മാര്‍പ്പായായും ഏ.ഡി. 136-ല്‍ വി. ഹീജിനൂസ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഏതന്‍സില്‍ നിന്നുള്ള ഗ്രീക്ക് വംശജനയായിരുന്നു. രക്തസാക്ഷിയായ വി. ജസ്റ്റിനെപ്പോലെ പ്രഗത്ഭനായ തത്വചിന്തകനും വിശ്വാസ സംരക്ഷകനുമായിരുന്നു. കേവലം നാലുവര്‍ഷങ്ങള്‍ മാത്രമേ അദ്ദേഹം സഭയേ നയിച്ചിരുന്നുള്ളുവെങ്കിലും അദ്ദേഹം സഭയ്ക്ക് നല്‍കിയ സംഭാവനകള്‍ അതുല്യമായിരുന്നു. ഹീജിനൂസ് മാര്‍പ്പാപ്പയുടെ ഭരണകാലഘട്ടത്തില്‍ റോമന്‍ ഭരണാധികാരികളില്‍നിന്നും സഭയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ മതപീഡനത്തിന്റെ കാലഘട്ടമായിരുന്നു.
ഗ്നോസ്റ്റിക്ക് പ്രചാരകരായിരുന്ന സെര്‍ഡോയും വലെന്റീനൂസും ഹീജിനൂസ് മാര്‍പ്പാപ്പയുടെ സമകാലീനരായിരുന്നു. സിറിയന്‍ വംശജനായിരുന്ന സെര്‍ഡോ റോമിലേക്കുവരികയും ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്കു വിപരീതമായി തന്റെ പഠനങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചു. ഇദ്ദേഹത്തിന്റെ പഠനങ്ങളാണ് പിന്നീട് മാര്‍ഷ്യന്‍ പിന്തുടര്‍ന്നതും കൂടുതല്‍ ശക്തമായി പ്രചരിപ്പിച്ചതും. യഥാര്‍ത്ഥത്തില്‍ പഴയ നിയമ ദൈവം എന്നും പഴയ നിയമത്തിലെ ദൈവത്തിന്റെ സ്വേഛാധിപത്യത്തില്‍നിന്നും രക്ഷിക്കുവാനായി വന്ന പുതിയ നിയമത്തിലെ ക്രിസ്തു എന്നും രണ്ടു ദൈവങ്ങളുണ്ടെന്ന് സെര്‍ഡോ പഠിപ്പിച്ചു. അതുപ്പോലെതന്നെ ക്രിസ്തു കന്യകാമറിയത്തില്‍ നിന്നും ജനിച്ചതല്ലെന്നും ഈ ഭൂമിയില്‍ പ്രത്യക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ശക്തമായി പഠിപ്പിച്ചു. ഇത്തരം പഠനങ്ങള്‍ തിരുസഭയുടെ പഠനങ്ങള്‍ക്കും വിശ്വാസ സത്യങ്ങള്‍ക്കും എതിരാണ് എന്ന് മനസ്സിലാക്കിയ ഹീജിനൂസ് മാര്‍പ്പാപ്പ സെര്‍ഡോയെ തിരുസഭയില്‍നിന്ന് ഭ്രഷ്ടനാക്കി. പിന്നീട് സെര്‍ഡോ തന്റെ തെറ്റുകള്‍ തിരുത്തി പശ്ചാതപിച്ചപ്പോള്‍ ഹീജിനൂസ് മാര്‍പ്പാപ്പ വീണ്ടും തിരുസഭയിലേക്ക് സ്വീകരിക്കുകയും പിന്നീട് വീണ്ടും സെര്‍ഡോ തിരുസഭയ്‌ക്കെതിരെ തിരിഞ്ഞപ്പോള്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കുകയും ചെയ്തു.
സഭാപാരമ്പര്യം അനുസരിച്ച് ഏ.ഡി. 140-ല്‍ രക്തസാക്ഷത്വം വഹിക്കുകയും വത്തിക്കാനില്‍ വി. പത്രോസിന്റെ കബറിടത്തിനടുത്തായി അദ്ദേഹത്തെ സംസ്‌കരിക്കുയും ചെയ്തു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക
മുഴുവൻ മാർപാപ്പമാരുടെയും ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26