കുട്ടിക്കുറ്റവാളികള്‍ പെരുകുന്നു; പോലീസിന് കൂടുതല്‍ അധികാരം നല്‍കി ഓസ്‌ട്രേലിയ

കുട്ടിക്കുറ്റവാളികള്‍ പെരുകുന്നു; പോലീസിന് കൂടുതല്‍ അധികാരം നല്‍കി ഓസ്‌ട്രേലിയ

ബ്രിസ്ബേന്‍: കുട്ടിക്കുറ്റവാളികളെ നിയന്ത്രിക്കാനുള്ള നിയമം പരിഷ്‌കരിച്ച് ഓസ്‌ട്രേലിയ. ഇത്തരം സ്ഥിരം കുറ്റവാളികളെ നിയന്ത്രിക്കാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിയമ പരിഷ്‌കരണം. ഇക്കഴിഞ്ഞ 22 ന് ക്യൂന്‍സ് ലാന്‍ഡ് സംസ്ഥാനത്താണ് യൂത്ത് ജസ്റ്റീസ് നിയമം പാര്‍ലമെന്റ് പാസാക്കിയത്. പതിനേഴ് വയസില്‍ താഴെയുള്ള കുട്ടികളും കൗമാരക്കാരും പ്രതികളാകുന്ന കേസുകള്‍ രാജ്യത്ത് വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 1992 മുതല്‍ തന്നെ കുട്ടിക്കുറ്റവാളികളെ നിയന്ത്രിക്കുന്നതിനുള്ള നിയമം രാജ്യത്തുണ്ടെങ്കിലും അടുത്ത കാലത്ത് വര്‍ധിച്ചുവരുന്ന കുറ്റങ്ങളുടെ സ്വഭാവം കൂടി കണ്ടക്കിലെടുത്താണ് നിയമപരിഷ്‌കാരം കൊണ്ടു വന്നത്. സമൂഹത്തിനാകെ ബുദ്ധിമുട്ടുണ്ടാക്കുന്നവരെ നിയന്ത്രിക്കാനും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമാണ് ഈ ഭേദഗതിയെന്ന് പോലീസ് ആന്‍ഡ് കറക്റ്റീവ് സര്‍വീസസ് മന്ത്രി മാര്‍ക് റയാന്‍ പറഞ്ഞു. ഇതിനായി പോലീസിനും കോടതികള്‍ക്കും ശക്തമായ അധികാരം നല്‍കുന്നതിനുളള നിയമങ്ങളാണ് പാസാക്കിയത്.

കത്തിപോലുള്ള ആയുധങ്ങള്‍ കണ്ടുപിടിക്കാന്‍ പോലീസിന് ഏതൊരാളെയും തടഞ്ഞുവെക്കാനും പരിശോധിക്കാനുമുള്ള അവകാശം ഈ നിയമം നല്‍കുന്നു. വാറന്റില്ലാതെ എവിടെയും തെരച്ചില്‍ നടത്താനും ഇതുവഴി കഴിയും. സ്ഥിരം കുട്ടിക്കുറ്റവാളികളുടെ ശരീരത്തില്‍ ജി.പി.എസ്. പോലുള്ള സംവിധാനം ഘടിപ്പിച്ച് ഇവരെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും ഭേദഗതി അനുമതി നല്‍കുന്നു. ജാമ്യത്തിലിരിക്കെ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും നിയമത്തിലുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 17 വയസുകാരന്‍ മോഷ്ടിച്ച കാറുമായി രക്ഷപെടുന്നതിനിടെ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും സ്ഞ്ചരിച്ച വാഹനത്തിലിടിച്ച് ഇരുവരും മരിച്ചിരുന്നു. ഈ സംഭവത്തോടെയാണ് കുട്ടിക്കുറ്റവാളികളെ നിയന്ത്രിക്കുന്നതിനുള്ള നിയമപരിഷ്‌കരണം വേണമെന്ന് ആവശ്യമുയര്‍ന്നത്. സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ ഭവന ഭേദനവും മോഷണവും അടക്കമുളള കുറ്റകൃത്യങ്ങളില്‍ തുടര്‍ച്ചയായി ഏര്‍പ്പെടുത്തതായി വ്യക്തമായിരുന്നു. ഇത് പല ജനവാസ മേഖലകളിലെയും സൈ്വര്യജീവിതത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ നിയമ ഭേദഗതി.

എന്നാല്‍ ഭേഗതിക്കെതിരേ പല കോണുകളില്‍നിന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ജാമ്യത്തിനടക്കം കുട്ടിക്കുറ്റവാളികള്‍ക്ക് മുതിര്‍ന്ന കുറ്റവാളികള്‍ക്കുള്ള അതേ വ്യവസ്ഥകള്‍ ചുമത്തുന്നതിലാണ് എതിര്‍പ്പ്. ജിപി.എസ്. സംവിധാനം ഉപയോഗിച്ച് കുട്ടികളും കൗമാരക്കാരുമായ കുറ്റവാളികളെ പതിവായി നിരീക്ഷിക്കുന്നതും എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.

അഡ്വ. ബിജു ആന്റണി

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.