ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസ് നല്‍കി.
ഐ.ടി വകുപ്പിന്റെ നിര്‍ദേശ പ്രകാരം നിരവധി ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്‌തത്. ട്വിറ്റര്‍, ലുമെന്‍ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നല്‍കിയ വിവരങ്ങള്‍ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാര്‍ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്‌ത രീതിയെ വിമര്‍ശിക്കുന്നതായിരുന്നു മിക്ക ട്വീറ്റുകളും.
സര്‍ക്കാരിന്റെ നിയമപരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള നിരവധി ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തതായി കമ്പനി വക്താവ് വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്രപ്രവര്‍ത്തകര്‍, സിനിമപ്രവര്‍ത്തകര്‍, എംപി മാര്‍, എംഎല്‍എ മാര്‍ എന്നിവരുടെ ട്വീറ്റുകളും നീക്കം ചെയ്‌തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യന്‍ ഐടി ആക്‌ട് 2000 പ്രകാരം ട്വിറ്ററിന് റഫറന്‍സ് നല്‍കിയിട്ടുണ്ട്.
ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ട്വിറ്റര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ലോക്‌സഭാ അംഗം രേവ്‌നാഥ് റെഡ്ഡി, പശ്ചിമ ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര നിര്‍മ്മാതാക്കളായ വിനോദ് കപ്രി, അവിനാശ് ദാസ് തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതില്‍ ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.