ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 53 നാവികരുമായി കാണാതായ അന്തര്‍വാഹിനി 'കെആര്‍ഐ നംഗ്ഗല 402' കടലിനടിയില്‍ മൂന്നായി പിളര്‍ന്നതായി കണ്ടെത്തി. എല്ലാ ജീവനക്കാരും മരിച്ചതായി ഇന്തൊനീഷ്യന്‍ നാവികസേന സ്ഥിരീകരിച്ചു.
838 മീറ്റര്‍ ആഴത്തില്‍ കടല്‍ത്തട്ടില്‍ മൂന്നു ഭാഗങ്ങളായി പിളര്‍ന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ റോബട്ട് കണ്ടെത്തിയെന്നും അവയുടെ ചിത്രങ്ങള്‍ അയച്ചെന്നും നാവികസേനാ മേധാവി അഡ്മിറല്‍ യൂദോ മര്‍ഗാനോ അറിയിച്ചു. ബാലി ദ്വീപിന് 96 കിലോമീറ്റര്‍ അകലെ മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായുള്ള സഞ്ചാരത്തിനിടെ ബുധനാഴ്ച്ചയാണ് ഇന്തോനേഷ്യയുടെ ജര്‍മന്‍ നിര്‍മിത മുങ്ങിക്കപ്പല്‍ കാണാതായത്. 44 വര്‍ഷം പഴക്കമുണ്ടിതിന്.
അപകട കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇലക്ട്രിക്കല്‍ തകരാറാകാമെന്നാണു നിഗമനം. മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രസിഡന്റ് ജോക്കോ വിഡോദൊ അനുശോചനമറിയിച്ചു. കടലില്‍ 500 മീറ്റര്‍ (1,640 അടി) വരെ താഴ്ചയില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയാണ് മുങ്ങിക്കപ്പലിനുള്ളത്. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ നിസ്‌കാരത്തിനുപയോഗിക്കുന്ന പായകളും കപ്പലില്‍ ഉപയോഗിക്കുന്ന ലൂബ്രിക്കന്റിന്റെ കുപ്പിയും ടോര്‍പിഡോയെ സംരക്ഷിക്കുന്ന ഉപകരണവും കണ്ടെത്തിയിരുന്നു.
ഇന്ത്യ, ഓസ്ട്രേലിയ സേനകള്‍ക്കു പുറമേ യു.എസും സിംഗപ്പൂരും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടായിരുന്നു. രണ്ട് യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ചാണ് ഓസ്ട്രേലിയന്‍ നാവികസേന തെരച്ചില്‍ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.