ഐ.പി.എല്‍: സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ കീഴടക്കി ഡല്‍ഹി

ഐ.പി.എല്‍: സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ കീഴടക്കി ഡല്‍ഹി

ചെന്നൈ: സൂപ്പര്‍ ഓവറിന്റെ ആവേശത്തിലേക്ക് നീണ്ട കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി ഡല്‍ഹി കാപിറ്റല്‍സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാലിന് 159 റണ്‍സെടുത്തു. 160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. ഇതോടെ മത്സരം സമനിലയിലായി. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ അക്‌സര്‍ പട്ടേല്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ റാഷിദ് ഖാനും നന്നായി എറിഞ്ഞെങ്കിലും അവസാന പന്തില്‍ സിംഗിളുമായി ഡല്‍ഹി ജയം കണ്ടു.

ആദ്യം ബാറ്റുചെയ്ത ഡല്‍ഹി കാപിറ്റല്‍സിന്റെ പൃഥ്വി ഷാ (39 പന്തില്‍ 53), ശിഖര്‍ ധവാന്‍ (26 പന്തില്‍ 28), ഋഷഭ് പന്ത് (27 പന്തില്‍ 37), സ്റ്റീവന്‍ സ്മിത്ത് (25 പന്തില്‍ 34 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് നാലിന് 159 റണ്‍സ് എന്ന സ്‌കോറിലെത്തിയത്. ഓപണിങ് ഓവറില്‍ ഖലീല്‍ അഹമ്മദിനെതിരെ ഹാട്രിക് ബൗണ്ടറി നേടിയായിരുന്നു പൃഥ്വി ഷാ ഇന്നിങ്‌സിന് തുടക്കമിട്ടത്. ഇടക്ക് സിദ്ധാര്‍ഥ് കൗളിനെ സിക്‌സറിനും പറത്തി. ആറ് ഓവറില്‍ 51 റണ്‍സിലെത്തിച്ച ടീമിന് ശേഷം, വേഗം കുറയുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ പരുക്ക് മാറിയെത്തിയ കെയ്ന്‍ വില്യംസണിന്റെ (51 പന്തില്‍ പുറത്താവാതെ 66) ബാറ്റിങ്ങാണ് ഹൈദരാബാദിന് കരുത്തായത്. 18 പന്തില്‍ 38 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ വില്യംസണും ജഗദീശ സുചിത്തും (ആറു പന്തില്‍ പുറത്താവാതെ 14) നടത്തിയ ബാറ്റിങ്ങാണ് ഹൈദരാബാദിനെ സൂപ്പര്‍ ഓവറിലെത്തിച്ചത്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.