നൈജീരിയയിൽ വീണ്ടും പള്ളി ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

നൈജീരിയയിൽ വീണ്ടും പള്ളി ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

അബൂജ : നൈജീരിയയിലെ കടുന സംസ്ഥാനത്തെ മണിനി താഷ ഗ്രാമത്തിലെ ഹസ്‌കെ ബാപ്റ്റിസ്റ്റ് പള്ളിയിൽ ആയുധ ധാരികൾ അതിക്രമിച്ചു കയറി പ്രാർത്ഥനക്കായെത്തിയവരെ തട്ടിക്കൊണ്ടു പോകുകയും ഒരാളെ കൊല്ലുകയും ചെയ്തു.   ഞായറാഴ്ച   രാവിലെ   9 :30 ന്  പള്ളി ആക്രമിച്ച തോക്കുധാരികൾ കടുന സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടറായ സക്കറിയ ഡോഗോ യാരോയെയാണ് കൊലപ്പെടുത്തിയത്. രാവിലെ പള്ളിയിൽ ശുശ്രൂഷ നടന്നുകൊണ്ടിരിക്കുമ്പോൾ മോട്ടോർ സൈക്കിളുകളിൽ എത്തിയ അക്രമികൾ പള്ളി വളയുകയും വെടിവെയ്‌പ്‌ ആരംഭിക്കുകയുമായിരുന്നു.

നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കടുന. ഏപ്രിൽ 20 ന് ചിക്കുൻ പ്രദേശത്തെ സ്വകാര്യ സ്ഥാപനമായ ഗ്രീൻ‌ഫീൽഡ് സർവകലാശാലയിൽ നിന്ന് 40 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. അതിൽ മൂന്നുപേരെ കൊല്ലപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തി.ഏപ്രിൽ 22 ന് രണ്ട് നഴ്‌സുമാരെ കടുന സംസ്ഥാനത്തെ ഐഡൺ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി.

ഹസ്‌കെ ബാപ്റ്റിസ്റ്റ് പള്ളിയിൽ നടത്തിയ ആക്രമണത്തെ കടുന ഗവർണർ നസീർ എൽ-റൂഫായി അപലപിച്ചു. ആരാധനയക്കായി ഒത്തുകൂടാനുള്ള സ്വാഭാവികവും നിയമപരവുമായ അവകാശം ഉപയോഗിക്കുന്ന നിരപരാധികളെ ആക്രമിക്കുന്നവർ ഏറ്റവും മോശമായ തിന്മയെ പ്രതിനിധാനം ചെയ്യുന്നുവരാണെന്ന് ഗവർണർ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കും ഹസ്‌കെ ബാപ്റ്റിസ്റ്റ് ചർച്ചിനും ഗവർണർ അനുശോചനം രേഖപ്പെടുത്തി.

നൈജീരിയയിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രൈസ്തവ കൂട്ടക്കൊലകളും തട്ടിക്കൊണ്ടു പോകലും വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ സർക്കാരിനെതിരെ അമർഷം രൂപം കൊള്ളൂവാൻ ഇടയാക്കുന്നു. നൈജീരിയയെ ഭിന്നിപ്പിക്കുന്ന തീവ്രവാദ പ്രവർത്തനത്തിനെതിരെ ഡീപ്പർ ക്രിസ്ത്യൻ ലൈഫ് മിനിസ്ട്രിയുടെ സ്ഥാപകൻ പാസ്റ്റർ വില്യം കുമുയി സർക്കാരിന് മുന്നറിയിപ്പ് നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.