സിഡ്‌നി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്്ക്ക് പിന്തുണയുമായി ഓസ്‌ട്രേലിയയും. ഇന്ത്യയിലേക്ക് ഓക്‌സിജനും വെന്റിലേറ്ററുകളും അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അയയ്ക്കുന്നത് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇന്ത്യയ്ക്ക് ഏതുവിധത്തിലുള്ള സഹായം നല്‍കണമെന്നു തീരുമാനിക്കാനും ഓസ്ട്രേലിയയിലേക്ക് കോവിഡ് വ്യാപനം തടയുന്നതിനു സ്വീകരിക്കേണ്ട തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ സമിതി നാളെ യോഗം ചേരും.
കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയുടെ ആരോഗ്യമേഖല കിണഞ്ഞുപരിശ്രമിക്കുകയാണെന്നു ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ആശുപത്രികളില്‍ രോഗികള്‍ക്കാവശ്യമായ ഓക്‌സിജനും കിടക്കകളും ഇല്ലാതെ മെഡിക്കല്‍ സംവിധാനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇന്ത്യയെ സഹായിക്കാനായി എന്തൊക്കെ ചെയ്യാമെന്നുള്ള ആലോചനയിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരെന്ന് ഗ്രെഗ് ഹണ്ട് പറഞ്ഞു. ഇന്ത്യ അക്ഷരാര്‍ഥത്തില്‍ ഓക്‌സിജനില്ലാതെ വീര്‍പ്പുമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അടിയന്തര ആവശ്യവും അഭ്യര്‍ഥനയും ഓക്‌സിജനു വേണ്ടിയായതിനാല്‍ അത്തരത്തില്‍ സഹായിക്കാമെന്ന തീരുമാനമാണ് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളുടെ സഹായം തേടും. ഓക്‌സിജന്‍ സംഭാവന ചെയ്യാന്‍ കഴിയുമോയെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോടു ചോദിക്കും. ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളും സര്‍ക്കാര്‍ കരുതലായി സൂക്ഷിക്കുന്നുണ്ടെങ്കിലും സഹായം ആവശ്യമുള്ളിടത്ത് അതു സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 352,991 കേസുകളാണ് പുതുതായി രജ്‌സറ്റര്‍ ചെയ്തത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 2812 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ഇന്ത്യയില്‍ 17 ദശലക്ഷത്തിലധികം പേരെ കോവിഡ് ബാധിച്ചതായാണു കണക്കുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.