ആ സുദിനത്തിന് ഒരു ദിവസം കൂടി; മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മാര്‍ റാഫേല്‍ തട്ടില്‍ മെല്‍ബണില്‍

ആ സുദിനത്തിന് ഒരു ദിവസം കൂടി; മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മാര്‍ റാഫേല്‍ തട്ടില്‍ മെല്‍ബണില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ വിശ്വാസികളുടെ കാത്തിരിപ്പിനൊടുവില്‍ മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദേവാലയത്തിനുള്ളിലും പുറത്തുമുള്ള അവസാന മിനുക്കുപണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. വര്‍ണാഭമായ അലങ്കാരങ്ങള്‍ നിറഞ്ഞ പുതിയ ദേവാലയം മനോഹരമായ കാഴ്ച്ചാനുഭവമാണ് നല്‍കുന്നത്.

ശനിയാഴ്ച്ച നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സുഗമമായ പരിസമാപ്തിക്കായി ഇന്നും നാളെയുമായി നടക്കുന്ന പ്രത്യേക ദിവ്യബലിയിലും ദിവ്യകാരുണ്യ ആരാധനയിലും ഇടവകയിലെ വിശ്വാസി സമൂഹം പങ്കെടുത്ത് പ്രാര്‍ത്ഥിക്കണമെന്ന് കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ അഭ്യര്‍ത്ഥിച്ചു.


മെല്‍ബണില്‍ എത്തിച്ചേര്‍ന്ന സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സ്വീകരിക്കുന്നു.

കൂദാശാ കര്‍മ്മങ്ങളുടെ മുഖ്യകാര്‍മികത്വം വഹിക്കുന്ന, സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്ന് മെല്‍ബണില്‍ എത്തിച്ചേര്‍ന്നു. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍, ചാന്‍സലര്‍ ഫാ. സിജീഷ് പുല്ലാന്‍കുന്നേല്‍, വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍, രൂപതാ പ്രോക്യുറേറ്റര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ്. കണ്‍വീനര്‍ ഷിജി തോമസ്, ട്രസ്റ്റിമാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ സെക്രട്ടറിമാരായ സിബി ഐസക്, സാബു തോമസ് എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ പിതാവിനെ സ്വീകരിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം രൂപതാധ്യക്ഷനായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കഴിഞ്ഞ ദിവസം മെല്‍ബണില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ 'റെഡ് വെനസ്‌ഡേ' ആചരിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയുണ്ടായിരുന്നു. മര്‍ദനത്തിന് ഇരയാവുകയും വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്യുകയും ചെയ്ത രക്തസാക്ഷികളെ അനുസ്മരിക്കുന്നതിന് വേണ്ടിയാണിത്. നവംബര്‍ 16 മുതല്‍ 23 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 'റെഡ് വെനസ്‌ഡേ' ആചരിക്കുന്നു.


ശനിയാഴ്ച്ച നടക്കുന്ന മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശയ്ക്കു മുന്നോടിയായി ബുധനാഴ്ച്ച നടന്ന പ്രത്യേക ദിവ്യബലിക്ക് കോതമംഗലം രൂപതാധ്യക്ഷനായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നു.

നവംബര്‍ 23-ന് (ശനിയാഴ്ച) നടക്കുന്ന കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം ശാലോം മീഡിയ ഓസ്‌ട്രേലിയ തത്സമയ സംപ്രേഷണം ചെയ്യും. അന്ന് മെല്‍ബണ്‍ സമയം രാവിലെ ഒന്‍പതിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് കത്തീഡ്രല്‍ ഗേറ്റില്‍ സ്വീകരണം നല്‍കുന്നത് മുതല്‍ സംപ്രേഷണം ആരംഭിക്കും. ശാലോം മീഡിയ യൂട്യൂബ് ചാനലിലും ശാലോം മീഡിയ ഓസ്‌ട്രേലിയ ഫേസ്ബുക്ക് പേജിലും മെല്‍ബണ്‍ സിറോ മലബാര്‍ രൂപത ഫേസ്ബുക്ക് പേജിലും സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഫേസ്ബുക്ക് പേജിലും കൂദാശ കര്‍മ്മങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും. കത്തീഡ്രലിനു പുറത്തും പാരിഷ് ഹാളിലും സജ്ജീകരിക്കുന്ന ടിവിയിലും തത്സമയം സംപ്രേഷണം ലഭ്യമായിരിക്കും.

തയാറാക്കിയത്:

ഡെന്‍സി ബിജോയ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26