കോവിഡിനെതിരേ ഒരുമിച്ചു പോരാടും; നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ച് ജോ ബൈഡന്‍

കോവിഡിനെതിരേ ഒരുമിച്ചു പോരാടും;  നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡിനെതിരായ പോരാട്ടത്തില്‍ അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. ടെലിഫോണിലൂടെ ഇരുവരും രണ്ടു രാജ്യത്തെയും കോവിഡ് സാഹചര്യത്തെക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്ക് യുഎസ് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോഡി ട്വിറ്ററില്‍ പറഞ്ഞു.

കോവിഡ് -19 അതിരൂക്ഷമായി തുടരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് അമേരിക്കയുടെ ഉറച്ച പിന്തുണയും സഹായവും പ്രസിഡന്റ് വാഗ്ദാനം ചെയ്തു. ഇതോടനുബന്ധിച്ച് ഓക്‌സിജന്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, കൊവിഷീല്‍ഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കള്‍, ചികിത്സ തുടങ്ങിയ അടിയന്തര സഹായങ്ങള്‍ അമേരിക്ക ഇന്ത്യയ്ക്കു നല്‍കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണം മുന്നോട്ടു കൊണ്ടു പോകാനും പൗരന്മാരുടെ ആരോഗ്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ അമേരിക്കയും ഇന്ത്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇരു നേതാക്കളും തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

കോവീഷീല്‍ഡ് വാക്‌സീന്‍ നിര്‍മിക്കാനായി വേണ്ട അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് യുഎസ് അറിയിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും സംഭാഷണം. അഞ്ചു ടണ്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റും യുഎസ് ഇന്ത്യയ്ക്ക് കൈമാറി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നു പോയ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് യു.എസും സഹായം വാഗ്ദാനം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.