ഇലക്ഷനിൽ മനസാക്ഷിയെ മുൻനിർത്തണമെന്ന് അമേരിക്കൻ മെത്രാൻ.

ഇലക്ഷനിൽ മനസാക്ഷിയെ മുൻനിർത്തണമെന്ന് അമേരിക്കൻ മെത്രാൻ.

മനഃസാക്ഷിക്കനുസരിച്ചുവേണം വോട്ടവകാശം നിർവഹിക്കേണ്ടതെന്നു വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു അമേരിക്കൻ മെത്രാൻ. ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിൻ രൂപതയിലെ മെത്രാനായ ബിഷപ്പ് ഫെലിപെ എസ്തേവ്സ് ആണ് ഇലക്ഷന് മുന്നോടിയായി വിശ്വാസികൾക്കയച്ച കത്തിൽ നന്മക്കുവേണ്ടി നിലപാടെടുക്കണമെന്നു ആഹ്വാനം ചെയ്തത്.ഗർഭഛിദ്രം മനുഷ്യ ജീവന്റെ ഉത്പത്തിയിൽ തന്നെ അതിനെ എതിർക്കുന്ന അടിസ്ഥാന തിന്മയാണെന്നു അദ്ദേഹം ശക്തമായി ഓർമിപ്പിച്ചു. ജീവന്റെ മൂല്യങ്ങൾക്ക് വിലകല്പിക്കുന്നവരെ മാത്രമേ പിന്തുണക്കാവൂ എന്ന നിർദേശമാണ് മെത്രാൻ നൽകിയത്.

തന്റെ കത്തിൽ ഫ്രാൻസിസ് പാപ്പായുടെ ജീവനുവേണ്ടിയുള്ള നിലപാടുകളെ ഉദ്ധരിക്കാൻ മെത്രാൻ പ്രത്യേകം ശ്രദ്ധിച്ചു. മനുഷ്യ ജീവനെ സംരക്ഷിക്കാൻ നാം പരാജയപ്പെടുന്നിടത്തു മറ്റെല്ലാ മനുഷ്യാവകാശങ്ങളും അപ്രസക്തമായിത്തീർന്നിരിക്കുന്നു എന്ന് മാർപ്പാപ്പ പറഞ്ഞത് നാം ഓർക്കണം. ഗർഭഛിദ്രം സഭയുടേതോ ആത്മീയതയുടേതോ മാത്രമായ ഒരു വിഷയമല്ലെന്നും അത് അടിസ്ഥാനപരമായി ഒരു മനുഷ്യാവകാശ പ്രശ്നമാണെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞിരിക്കുന്നു. 

ഞാൻ ജീവനുവേണ്ടി നിലകൊള്ളുന്നെങ്കിലും അതെനിക്ക് മറ്റുള്ളവരിൽ അടിച്ചേല്പിക്കാനാകില്ല എന്ന് പറയുന്നവരുണ്ട്. അത്തരം വാദഗതികൾ എല്ലാ മനുഷ്യരുടെയും ജീവന്റെ സംരക്ഷണം നിയമപരമായി ഉറപ്പാക്കണമെന്ന് വാദിക്കേണ്ട ബാധ്യത എനിക്കില്ലെന്ന അന്ധമായ നിലപാടിൽനിന്ന് വരുന്നതാണെന്ന് മെത്രാൻ പറഞ്ഞു. യഥാർത്ഥത്തിൽ എന്തെങ്കിലും അടിച്ചേല്പിക്കുന്നോ ഇല്ലയോ എന്നതല്ല ഇവിടുത്തെ വിഷയം. ജീവന്റെ ആരംഭം ഗർഭധാരണത്തോടെ സംഭവിക്കുന്നു എന്ന് പഠിപ്പിക്കുന്ന ജീവശാസ്ത്രപരമായ സത്യത്തോടുള്ള പ്രതിബദ്ധതയാണത്. 

അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരെ ഉദ്ധരിച്ചു മെത്രാൻ തുടർന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചു സ്ഥാപക പിതാക്കന്മാർ പഠിപ്പിച്ചത് നാം ശ്രദ്ധിക്കണം.അവർ പറഞ്ഞത്, ജീവിക്കാനുള്ള അവകാശം മറ്റെല്ലാ അവകാശങ്ങൾക്കും ഉപരിയാണെന്നല്ലേ ? ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാതെ മറ്റൊരു അവകാശവും സംരക്ഷിക്കാനാകില്ല എന്നതായിരുന്നു അവരുടെ നിലപാട്. ജീവിക്കാനുള്ള അവകാശം എക്കാലവും എല്ലാ മനുഷ്യാവകാശങ്ങളെക്കാൾ പ്രബലമാണെന്നു തന്റെ കത്തിലൂടെ ഉറപ്പിച്ചു പറയുകയാണ് ബിഷപ്പ് ഫെലിപെ. എല്ലാവരും മനഃസാക്ഷിക്കനുസരിച്ചു വോട്ടു ചെയ്യുന്നവരാകട്ടെ എന്നാണ് അമേരിക്കയിലെ മെത്രാന്മാർ പ്രാര്ഥിക്കുന്നതെന്നു ബിഷപ് പറഞ്ഞു.

ദൈവത്തിന്റെ ഹിതം ഭൂമിയിൽ നിറവേറണമെന്നതാണ് കത്തോലിക്കർ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ അപേക്ഷിക്കുന്നതെന്നു നാം മറക്കരുത്. പൊതുസമൂഹത്തിൽ വിശ്വാസമൂല്യങ്ങൾ പരിഗണിക്കേണ്ടതില്ല എന്ന വാദഗതിയെ അദ്ദേഹം ഇങ്ങനെ യുക്തിസഹമായി എതിർക്കുന്നു. ഒറ്റ കാര്യം മാത്രം പരിഗണിച്ചു വോട്ടുചെയ്യാൻ പറയുന്നത് ശരിയല്ല എന്ന് പറയുന്നുണ്ട്‌. എന്നാൽ മനുഷ്യ ജീവനെ അതിന്റെ ആരംഭം മുതൽ മരണം വരെ ആദരക്കിണമെന്ന നിലപാടിൽ നിന്ന് ഒട്ടും പിന്മാറാൻ സഭക്ക് ആകില്ല. 

അമ്മമാരെക്കുറിച്ചു സഭക്ക് കരുതലുണ്ട്. അതുപോലെതന്നെ ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ കുഞ്ഞുങ്ങളെ സഭ കരുതുന്നു. ഒപ്പം ദരിദ്രരെയും, അഭയാർത്ഥികളെയും, രോഗികളെയും, അംഗപരിമിതരെയും, വൃദ്ധരെയും, പാർശ്വവത്ക്കരിക്കപ്പെട്ടവരെയും , മരിക്കാരായവരെയും സഭ കരുതുന്നു. നമ്മുടെ പഠനങ്ങളിലും ശുശ്രൂഷകളിലും ജീവന്റെ സംസ്കാരമാണ് നമ്മൾ ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ ചിലയിടത്തൊക്കെ തീവ്രനിലപാടുകാരിൽ നിന്നും നാം എതിർപ്പുകൾ നേരിടുന്നു. പ്രത്യേകിച്ച് ജീവൻ, കുടുംബം എന്നിവയെക്കുറിച്ചും പറയുമ്പോൾ. 

 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ജീവന്റെ സുവിശേഷം എന്ന ചാക്രിക ലേഖനവും ഈ കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ജീവനെ നശിപ്പിക്കുവാൻ വേണ്ടി നടക്കുന്ന ഒരു സംഘടിതപ്രവർത്തനത്തെയും യാതൊരു കാരണവശാലും അനുസരിക്കാൻ തയ്യാറാകരുതെന്നാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഉദ്ബോധിപ്പിക്കുന്നത്. 

അമേരിക്കയുടെ ഭരണസംവിധാനത്തിൽ മരണത്തിന്റെ നിഴൽ വീഴ്ത്തുവാൻ പരിശ്രമിക്കുന്ന ഒരു വിഭാഗത്തിനെതിരെ കത്തോലിക്കാ സഭയുടെ നേതൃത്വം നടത്തുന്ന ആത്മീയ യുദ്ധത്തിന്റെ ഭാഗമായാണ് ഈ ബോധവത്കരണം എന്ന് കരുതപ്പെടുന്നു. ഇതിനു വിരുദ്ധമായ നിലപാടെടുക്കുന്നവരും ഇല്ലാതില്ല അമേരിക്കയിൽ ജീവനുവേണ്ടി വാദിക്കുന്നവർ എണ്ണത്തിൽ കൂടുതലാണ് എന്നാണ് സൂചന. കോവിഡ് കാലത്തുപോലും പ്രോലൈഫ് ജാഥകളിൽ വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. കുഞ്ഞുങ്ങളെ കൊല്ലാനുള്ള അവകാശം വോട്ടിനിടുന്ന പ്രതീതി ഉടലെടുത്തിരുന്നു.അമേരിക്കൻ ജനത സമ്മതി ദാനം ഉപയോഗിക്കാൻ പോകുന്നത് എങ്ങനെയാണ്? എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം!  

ജോസഫ് ദാസൻ

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.