പ്രതിരോധ മന്ത്രിക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രതിരോധ സെക്രട്ടറിയും; തിരിച്ചടിച്ച് ചൈന; സംഘര്‍ഷം മുറുകുന്നു

പ്രതിരോധ മന്ത്രിക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രതിരോധ സെക്രട്ടറിയും; തിരിച്ചടിച്ച് ചൈന; സംഘര്‍ഷം മുറുകുന്നു

സിഡ്‌നി: ഓസ്ട്രേലിയ സമാധാനം ആഗ്രഹിക്കുന്നത് സ്വതന്ത്ര്യം അടിയറ വച്ചുകൊണ്ടല്ലെന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി മൈക്ക് പെസുല്ലോ. അന്‍സാക് ദിനത്തില്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഓര്‍മപ്പെടുത്തല്‍. ഇന്തോ-പസഫിക് മേഖലയില്‍ സൈനിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് സ്വതന്ത്ര രാജ്യങ്ങള്‍ക്ക് യുദ്ധത്തിനുള്ള മുന്നറിയിപ്പാണ്. ഒരുപക്ഷേ വീണ്ടും നമ്മുടെ സേനാംഗങ്ങളെ യുദ്ധത്തിന് അയയ്ക്കാന്‍ നാം തയാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയ്ക്കു ഭീഷണിയായി ചൈന സമീപപ്രദേശങ്ങളിലെ തുറമുഖങ്ങള്‍ സൈനികവല്‍ക്കരിക്കുകയാണെന്നും ഓസ്ട്രേലിയന്‍ പ്രതിരോധ സേനയുടെ അടിയന്തര ശ്രദ്ധ അവിടേക്കു പതിപ്പിക്കണമെന്നും പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ പ്രതികരണം. ചൈന-ഓസ്ട്രേലിയ ബന്ധം കൂടുതല്‍ ഉലയുന്നതിന്റെ സൂചനകളാണ് ഓരോ ദിവസവുമുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

തായ്വാനെച്ചൊല്ലി ചൈനയും യുഎസും തമ്മില്‍ സൈനിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോഴും ഓസ്‌ട്രേലിയയും യു.എസും ന്യൂസിലന്‍ഡുമായുള്ള 70 വര്‍ഷം പഴക്കമുള്ള സൈനിക സഖ്യം ഓസ്ട്രേലിയക്ക് നല്‍കുന്ന സംരക്ഷണം പെസുല്ലോ ചൂണ്ടിക്കാട്ടി. പസഫിക്കിലെ സൈനിക കാര്യങ്ങളില്‍ സഹകരിക്കാന്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും യു.എസും ചേര്‍ന്ന് 1951 രൂപീകരിച്ചതാണ് കരാര്‍. അടുത്തകാലം വരെ സമാധാനപൂര്‍ണമായാണ് കാര്യങ്ങള്‍ മുന്നോട്ടുപോയിരുന്നതെങ്കിലും ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. സമീപപ്രദേശങ്ങളിലെ ചൈനയുടെ സൈനികവല്‍ക്കരണം യുദ്ധത്തിനുള്ള മുന്നറിയിപ്പാണ് സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കു നല്‍കുന്നത്. എങ്കിലും സമാധാനത്തിനുള്ള സാധ്യതകള്‍ തേടുന്നത് ഓസ്‌ട്രേലിയ തുടരുക തന്നെ ചെയ്യും.

അതേസമയം, ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കു മറുപടിയുമായി ചൈന രംഗത്തുവന്നു. വണ്‍ ചൈന നയം അംഗീക്കേണ്ടത് ചൈന-ഓസ്ട്രേലിയ ബന്ധം വളരാന്‍ അനിവാര്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരിച്ചു. തായ് വാനുമായി ബന്ധപ്പെട്ട് ചൈനയുമായി വളരുന്ന സംഘര്‍ഷത്തില്‍ അയവു വേണ്ടെന്നു ഡട്ടണ്‍ ഞായറാഴ്ച പറഞ്ഞതിനെ തുടര്‍ന്നാണ് ചൈനയുടെ പ്രതികരണം.

ചൈനയുടെ ഏകീകരണം സംബന്ധിച്ച് ബീജിങിനു കൃത്യമായ ധാരണയുണ്ടെന്നും സൈനികവല്‍കരണം സംബന്ധിച്ച് മറ്റുള്ളവര്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ തിരിച്ചറിയണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈന സമാധാനപരമായ ഏകീകരണമാണ് ആവശ്യപ്പെട്ടതെന്നും തായ് വാന്‍ പ്രശ്‌നത്തിന്റെ വൈകാരികത പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ഓസ്ട്രേലിയ തയാറാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ അവിടെനടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ ഭൂപ്രദേശവുമായി ചേരേണ്ട പ്രവിശ്യയായിട്ടാണ് ചൈനീസ് സര്‍ക്കാര്‍ തായ് വാനെ കണക്കാക്കുന്നത്. ഓസ്ട്രേലിയ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്നും തായ് വാന്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദ ശക്തികള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതില്‍നിന്ന് ഓസ്ട്രേലിയ വിട്ടുനില്‍ക്കണമെന്നും വാങ് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.

ചൈനയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ തുടരുന്നത് സംബന്ധിച്ച് ഡട്ടണ്‍ മുന്നറിയിപ്പ് നല്‍കിയതിനെക്കുറിച്ചും വാങ് പ്രതികരിച്ചു. സാധാരണ ഇടപാടുകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിലും ഓസ്‌ട്രേലിയ ആവശ്യമില്ലാതെ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് വാങ് ആവശ്യപ്പെട്ടു. ഡാര്‍വിന്‍ പോര്‍ട്ടുമായി ബന്ധപ്പെട്ട് 99 വര്‍ഷത്തെ പാട്ടക്കരാര്‍ ഉള്‍പ്പെടെ ചൈനയുമായുള്ള ആയിരത്തിലധികം ഇടപടാടുകള്‍ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ അവലോകനം ചെയ്യുന്നുണ്ട്. ഈ കരാറുകള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്ന് ഡട്ടണ്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.