കോവിഡ്: ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് മേയ് 15 വരെ വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അയയ്ക്കും

 കോവിഡ്: ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് മേയ് 15 വരെ വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍  അയയ്ക്കും

സിഡ്നി: കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും മേയ് 15 വരെ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. ഇന്നു ചേര്‍ന്ന ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രഖ്യാപനം. ദോഹ, സിംഗപ്പൂര്‍, ക്വാലാലംപൂര്‍ വഴി ഓസ്‌ട്രേലിയയിലേക്കുള്ള കണക്ഷന്‍ വിമാന സര്‍വീസുകള്‍ അതത് സര്‍ക്കാരുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മോറിസണ്‍ പറഞ്ഞു. മേയ് 15 നു മുന്‍പു തന്നെ സാഹചര്യം വിലയിരുത്തി തീരുമാനം പുനഃപരിശോധിക്കും. നിരവധി മലയാളികള്‍ അടക്കം 9000-ല്‍ അധികം ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ തിരിച്ചുവരാന്‍ കാത്തിരിക്കുമ്പോഴാണ് പുതിയ തീരുമാനം.

അതേസമയം, കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക്‌ പിന്തുണയുമായി ഓക്സിജന്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അയയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 500 വെന്റിലേറ്ററുകള്‍, ഒരു മില്ല്യണ്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍, 500,000 പി 2, എന്‍ 95 മാസ്‌കുകള്‍, ഒരു മില്ല്യണ്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍, 100,000 ഗ്ലാസുകളും 100,000 ജോഡി ഗ്ലൗസുകള്‍, 20,000 ഫെയ്‌സ് ഷീല്‍ഡുകള്‍ എന്നിവയാണ് അയയ്ക്കുന്നത്. ഇത് ഇന്ത്യയ്ക്ക് പ്രാരംഭമായി നല്‍കുന്ന സഹായം മാത്രമാണെന്നും കൂടുതല്‍ പിന്നാലെയുണ്ടാകുമെന്നും മോറിസണ്‍ അറിയിച്ചു.

വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചതിലൂടെ നിലവില്‍ ഇന്ത്യയിലുള്ള ഓസ്ട്രേലിയക്കാരെ ഉപേക്ഷിക്കുകയാണെന്ന വിമര്‍ശനം പ്രധാനമന്ത്രി അവഗണിച്ചു. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ പൗരന്മാരെ തിരികെ കൊണ്ടുവരുതിന് സര്‍ക്കാര്‍ ആദ്യ പരിഗണന നല്‍കുമെന്ന മോറിസണ്‍ അറിയിച്ചു.

വിദേശകാര്യ വാണിജ്യ വകുപ്പിന്റെ കണക്കനുസരിച്ച് നിലവില്‍ ഇന്ത്യയില്‍നിന്ന് 9000-ല്‍ അധികം ഓസ്‌ട്രേലിയന്‍ പൗരന്മാരാണ് തിരിച്ചുവരാന്‍ കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങളുടെ എണ്ണം 30 ശതമാനം വെട്ടിക്കുറച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.