സ്വര്‍ണ്ണനാവുള്ള ചിരിയുടെ രാജാവിന് ഇന്ന് നൂറ്റിനാലാം പിറന്നാള്‍

സ്വര്‍ണ്ണനാവുള്ള ചിരിയുടെ രാജാവിന് ഇന്ന് നൂറ്റിനാലാം പിറന്നാള്‍

മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്ക് ഇന്ന് 104 ാം പിറന്നാള്‍. ഇപ്പോള്‍ ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് അദ്ദേഹം തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ക്രിസോസ്റ്റം തിരുമേനിയും അദ്ദേഹത്തിന്റെ ജീവിതവും കേരള ചരിത്രത്തിന്റെ ഒരേടു തന്നെയാണ്. ഒരു നൂറ്റാണ്ടിന്റെ ഇതിഹാസം. സദാ പ്രസന്ന ഭാവത്തോടെ കാണപ്പെടുന്ന അഭിവന്ദ്യ മെത്രാപ്പോലീത്താ മാര്‍ ക്രിസോസ്റ്റം നാനാജാതി മതസ്ഥരടങ്ങുന്ന ഒരു ജനതയുടെ പ്രിയങ്കരനും സഭയുടെ ആത്മീയ നേതാവും അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയുമാണ്. മറ്റുള്ളവരെ അസാമാന്യമായി ചിരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അത് ജന്മസിദ്ധവുമാണ്. ക്രിസോസ്റ്റം എന്ന പദത്തിന്റെ അര്‍ത്ഥം സ്വര്‍ണ്ണനാവുള്ളവന്‍ എന്നാണ്. ആ പേരിനെ അന്വേര്‍ത്ഥമാക്കിയുള്ള ജീവിതമാണ് അദ്ദേഹം പിന്‍തുടരുന്നതും.

ഓരോ ഫലിതത്തിലും ആത്മീയ മൂല്യങ്ങളുടെ കുളിര്‍മ നിറഞ്ഞിരിക്കും എന്നതാണ് തിരുമേനി ഫലിതത്തിന്റെ മറ്റൊരു പ്രത്യേകത. മാര്‍ത്തോമ്മ സഭയുടെ തലവനായിരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്താ മാര്‍ ഫീലിപ്പോസ് ക്രിസോസ്റ്റം ഒരു മുത്തച്ഛന്റെ സ്‌നേഹ വാത്സല്യങ്ങളോടെ നീണ്ട കാലം സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്ത ശേഷം സഭയുടെ ഔദ്യോഗിക സ്ഥാനമാനങ്ങളില്‍ നിന്നും സ്വയം സ്ഥാനം ഒഴിയുകയായിരുന്നു.

ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ (ഫിലിഫ് ഉമ്മന്‍)യുടെ ജനനം 1918 ഏപ്രില്‍ 27 നായിരുന്നു. 67 വര്‍ഷത്തോളം സഭയുടെ മെത്രാന്‍ പദവി അലങ്കരിച്ചു. അത് ഭാരത മെത്രാന്മാരുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നീണ്ട ഒരു കാലഘട്ടമാണ്. അജപാലകനായി ഭാരത ക്രിസ്ത്യന്‍ സഭകളില്‍ മറ്റാരെക്കാളും ദീര്‍ഘകാലം സഭയെ സേവിച്ചുവെന്നുള്ള വ്യക്തിമുദ്രയും അദ്ദേഹത്തിന്റെ പേരിലാണ്. ക്രിസോസ്റ്റം തിരുമേനി അല്ലെങ്കില്‍ വലിയ തിരുമേനിയെന്നാണ് ജാതിമതഭേദമന്യേ എല്ലാവരും അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത്. അദ്ദേഹത്തിന്റെ പിതാവ് കെ.ഇ ഉമ്മന്‍ കുമ്പനാട്ട് പള്ളിയിലെ വികാരിയായിരുന്നു. അമ്മ ശോശാമ്മ കാര്‍ത്തികപ്പള്ളി നടുക്കേല്‍ വീട്ടില്‍ അംഗമായിരുന്നു. ഇരവിപൂരിലും കോഴഞ്ചേരിയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിരുദമെടുത്തു. അദ്ദേഹത്തിന്റെ യൗവനകാലം സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു. അക്കാലത്ത് സാമൂഹിക പരമായ പല പ്രസ്ഥാനങ്ങളിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു. ഇത്തരം സേവനങ്ങള്‍ പിന്നീട് അദ്ദേഹത്തെ സുവിശേഷ ജോലികളില്‍ പ്രവര്‍ത്തിക്കാന്‍ തല്‍പ്പരനാക്കി.

1944 ജനുവരിയില്‍ മാര്‍ത്തോമ്മാ സഭയുടെ ഡീക്കനായും പിന്നീട് അതേ വര്‍ഷം ജൂണില്‍ കശീശായായും വാഴിച്ചു. 1953 ല്‍ റമ്പാച്ചനുമായി. 1953-ല്‍ യൂഹന്നാന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അദ്ദേഹത്തിന് എപ്പിസ്‌ക്കൊപ്പല്‍ സ്ഥാനം കൊടുത്തു. 1954ല്‍ ബ്രിട്ടനിലെ കാന്‍ബെറിയിലുള്ള സെന്റ്. അഗസ്റ്റിന്‍ കോളേജില്‍ ദൈവ ശാസ്ത്രം പഠിച്ച് ബിരുദം നേടി. 1999-ല്‍ അലക്‌സാണ്ടര്‍ മാര്‍ മെത്രാപ്പോലീത്താ സ്ഥാനത്യാഗം ചെയ്തപ്പോള്‍ അദ്ദേഹത്തെ സഭയുടെ ഏറ്റവും ഉന്നത പദവിയായ വലിയ മെത്രാപ്പോലീത്തായായി വാഴിച്ചു.

കപടതയറിയാത്ത, ഹൃദയശുദ്ധിയുള്ള മാര്‍ ക്രിസോസ്റ്റവും അദ്ദേഹത്തിന്റെ ജീവിതവും തുറന്ന പുസ്തകം പോലെയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹനീയ വ്യക്തി പ്രഭാവമുള്ള ആദ്ധ്യാത്മിക ഗുരു. സത്യത്തില്‍ ആ പ്രയോഗമാണ് മാര്‍ ക്രിസോസ്റ്റത്തിന് ഏറ്റവും അനുയോജ്യം. കുഞ്ഞുങ്ങളുടെ മനസുള്ള അദ്ദേഹത്തില്‍ ജ്വലിക്കുന്ന ആത്മീയതയും പ്രസന്നവും ശാന്തവുമായ പ്രകൃതവും ക്രിസ്തുവിന്റെ ചൈതന്യവും തന്നെയാണ്. കാലത്തിനനുയോജ്യമായി സഭയെ നവീകരിക്കണമെന്ന സ്വപ്നമാണ് എക്കാലവും അദ്ദേഹത്തെ നയിച്ചത്. കഴിഞ്ഞ കാല ചിന്തകളെ താലോലിച്ചു കൊണ്ടുള്ള സ്തുതിപാഠകരല്ല സഭയ്ക്കാവിശ്യം മറിച്ച് തെറ്റുകളെ തിരുത്തി സഭയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍, നേരായ വഴിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള നേതൃത്വമാണ് സഭയ്ക്കാവശ്യമെന്നുമാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

കിഴക്കിന്റെ സഭയേയും അതിന്റെ നവീകരണത്തെയും ചരിത്ര പശ്ചാത്തലത്തെക്കുറിച്ചുമൊക്കെ ക്രിസോസ്റ്റത്തിനു പലതും പറയാനുണ്ട്. ചരിത്രകാരുടെ കാഴ്ചപ്പാടില്‍ എബ്രാഹം മല്‍പ്പാനു രണ്ടു തരത്തിലുള്ള താല്പര്യങ്ങളുണ്ടായിരുന്നു. ആദ്യത്തേത് മിഷിനറിമാരോടൊത്തുള്ള സഭാ പ്രവര്‍ത്തനമായിരുന്നു. രണ്ടാമത് അതില്‍നിന്നും വ്യത്യസ്തമായി മിഷിനറി പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ സ്വതന്ത്രമായ ഒരു സഭയായിരുന്നു. എന്നാല്‍, മിഷിനറിമാരില്‍ നിന്നും വേറിട്ട് സ്വതന്ത്രമായ ഒരു സഭയാണ് അന്നത്തെ നവീകരണ മാര്‍ത്തോമ്മാ സഭ തിരഞ്ഞെടുത്തത്. ദളിതരായവരെ സഭാകാര്യങ്ങളില്‍ പങ്കുകൊള്ളിക്കാതെ ഒഴിവാക്കണമെന്ന ചിന്ത സഭയ്ക്കുണ്ടായിരുന്നുവെന്ന് ചിലര്‍ അനുമാനിക്കുന്നു. 'സഭയെ വിമര്‍ശിക്കുന്നതു അംഗികരിക്കുന്നില്ലെങ്കിലും അങ്ങനെയുള്ള അന്നത്തെ തീരുമാനങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നു ഗഹനമായി ചിന്തിക്കണമെന്നും' ഒരിക്കല്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ സഭാ മക്കളോട്പറയുകയുണ്ടായി.

സുദീര്‍ഘമായ സഭാ ഭരണത്തിന് വിരാമം കല്‍പ്പിച്ച് തന്റെ സ്ഥാനമാനങ്ങളെല്ലാം പിന്‍ഗാമിയെ എല്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ' സഭയെ നയിക്കാന്‍ ഞാനിന്നും ശക്തനാണ്. പക്ഷെ, കുത്തഴിഞ്ഞ ഒരു ഭരണ സംവിധാനമാണ് സഭയ്ക്കുള്ളത്. ഞാന്‍ സഭയുടെ തലവനായി ആദ്യം ചുമതലയെടുത്ത നാളുകളില്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഒരു കറിയാച്ചനെ ഉണ്ടായിരുന്നുള്ളൂ. അന്ന് സഭയുടെ നന്മയ്ക്കായുള്ള സുപ്രധാന തീരുമാനങ്ങളില്‍ ആരും ചോദ്യം ചെയ്യാനുണ്ടായിരുന്നില്ല. ഇന്നത്തെ സ്ഥിതി അതല്ല. കറിയാച്ചന്മാരെക്കൊണ്ട് സഭ നിറഞ്ഞിരിക്കുന്നു. ദൈവ കൃപയും അരൂപിയും പഴയ കാല തീരുമാനങ്ങള്‍ക്കൊപ്പം സഭയിലുണ്ടായിരുന്നു. കാലം മാറി. കറിയാച്ചന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നൂറു കണക്കിന് കറിയാച്ചന്മാരുണ്ടായി.'' സ്വന്തം സഭയുടെ ഭാവിയില്‍ ഈ ആത്മീയ ഗുരു അസ്വസ്ഥനാണ്. സമാധാനവും സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ട യേശു വിഭാവന ചെയ്ത സഭ അദ്ദേഹം മോഹിച്ചിരുന്നു ഇപ്പോഴും മോഹിക്കുന്നു. ഗ്രാമീണ ജനതകളുടെ ഹൃദയ സ്പന്ദനങ്ങള്‍ ആരും തിരിച്ചറിയുന്നില്ല. അവരുടെ അഭിപ്രായങ്ങള്‍ സഭ ശ്രവിക്കാത്തതും വില കല്പ്പിക്കാത്തതും ഈ അഭിവന്ദ്യ മെത്രാപ്പോലീത്തയെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്.

'സഭയിന്ന് തത്ത്വങ്ങളെ ബലികഴിക്കുന്നുവെന്നും കള്ളം മാത്രം പറയുന്ന ഒരു നേതൃത്വമാണ് സഭയെ നിയന്ത്രിക്കുന്നതെന്നും' മെത്രാപ്പോലീത്താ ഒരിക്കല്‍ കുറ്റപ്പെടുത്തുകയുണ്ടായി. താന്‍ സ്ഥാനമാനങ്ങളെ ഉപേക്ഷിച്ചത് കള്ളം പറയാന്‍ ബുദ്ധി മുട്ടായതുകൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. സത്യം മാത്രം കൈമുതലായുള്ള ഗ്രാമവാസികളുടെ ഇടയില്‍ സേവനമാണ് ശേഷിച്ച കാലം അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ പരിശുദ്ധമായ സ്‌നേഹവും വാത്സല്യവും അദ്ദേഹത്തെ കൂടുതല്‍ കാലം ജീവിക്കാനും പ്രേരിപ്പിക്കുന്നു.

'മെത്രാപ്പോലീത്തായും കള്ളം പറയില്ലേയെന്നു' ആരോ അദ്ദേഹത്തോട് ഒരിക്കല്‍ ചോദിച്ചു. ' ആരാണ് ഈ സത്യവാന്‍'? 'ബാലനായിരുന്ന സമയം താനും ഒരു കൊച്ചു കള്ളനായിരുന്നുവെന്നു' പറഞ്ഞു. കുസൃതി ചെറുക്കനും കള്ളന്മാരുടെ രാജാവുമായിരുന്നു. കള്ളം മാത്രമേ പറയുമായിരുന്നുള്ളൂ.സ്വന്തം അപ്പനോടും അമ്മയോടും ദൈവത്തോടുപോലും കള്ളം പറയുമായിരുന്നു. മാരാമണ്‍ കണ്‍വന്‍ഷന്‍ വരുമ്പോള്‍ അമ്മ നേര്‍ച്ചയിടാന്‍ ഒരണ (10 പൈസ) തരുമായിരുന്നു. അമ്മേ കപ്പലണ്ടി മുട്ടായി മേടിക്കാന്‍ ഒരണ കൂടി തരൂവെന്നു പറഞ്ഞാല്‍ 'അമ്മ' കേള്‍ക്കില്ല, തരില്ല. ഈ കൊച്ചു കള്ളന്‍ അരയണ ദൈവത്തിനു കൊടുക്കും. ദൈവത്തിന്റെ ബാക്കി അരയണ കട്ട് കപ്പലണ്ടി മുട്ടായി മേടിക്കുമായിരുന്നു.' കുരുത്തം കെട്ട ഈ കൊച്ചുതെമ്മാടിയാണ് പിന്നീട് മാര്‍ത്തോമ്മ സഭയുടെ അത്യുന്നത പീഠം അലങ്കരിച്ച് അജഗണങ്ങളെ നയിച്ചതെന്നു കേള്‍ക്കുമ്പോള്‍ വിസ്മയം തോന്നും. 'ദൈവത്തിനെന്തിനാണ്, പണമെന്ന് ഇന്നും ഈ ആത്മീയ വിപ്ലവകാരി ചോദിക്കാറുണ്ട്. ദൈവത്തിന്റെ പണം കട്ടവനേയെന്നു ആരെങ്കിലും പരിഹസിച്ചാല്‍ കുസൃതി മാറാത്ത മായാത്ത പുഞ്ചിരിയുമായി ഈ മുത്തച്ഛന്‍ മെത്രാപ്പോലീത്താ പറയും, 'മോനെ, മനസറിഞ്ഞുകൊണ്ട് ദൈവത്തിനു നാം പണം കൊടുക്കുന്നു. അവിടുന്നു പണം ചോദിക്കുമോ? കുസൃതി നിരഞ്ഞ അദ്ദേഹത്തിന്റെ നര്‍മ്മ സംഭാഷണം എത്രനേരം കേട്ടാലും മതിവരില്ല.

യൗവനത്തില്‍ തമിഴ്‌നാട്ടിലെ ഷോലാര്‍ പേട്ടയിലെ റയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായും ജോലി ചെയ്തിട്ടുണ്ട് തിരുമേനി. അദ്ധ്വാനിച്ചും വിയര്‍ത്തും ഭക്ഷിച്ചാല്‍ അതിന് പ്രത്യേക രുചിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

യുവാവായിരുന്ന കാലങ്ങളില്‍ മെത്രാപ്പോലീത്താ രണ്ടു പെണ്‍ കുട്ടികളെ പ്രേമിച്ച കാര്യവും ഒരവസരത്തില്‍ പറയുകയുണ്ടായി. ക്രിസോസ്റ്റമിന്റെ വാക്കുകള്‍ ഇങ്ങനെ, 'സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആദ്യത്തെ അവളോട് മൊട്ടിട്ട പ്രേമമായിരുന്നു. ഹൃദയം കൊണ്ട് അവളെ സ്‌നേഹിച്ചിരുന്നു. ഈ പ്രേമം ഞങ്ങളാരോടും പുറത്തു പറഞ്ഞില്ല. അവള്‍ അവളുടെ വഴിയെ പോയി.' ഒരിക്കല്‍ കുര്‍ബാന വേളയില്‍ കണ്ണുകളുടെ ചിമ്മലുകള്‍ കൊണ്ട് അവളെ നോക്കിയ കാര്യവും ഫലിത പ്രിയനായ മെത്രാപ്പോലീത്തായ്ക്ക് തുറന്നു പറയാനും മടിയില്ലായിരുന്നു. ഈ തുറന്നു പറച്ചിലുകളെല്ലാം അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കതയും സത്യസന്ധതയുമാണ് തെളിയിക്കുന്നത്.

'സദാ സമയവും ദൈവമേയെന്നു വിളിച്ച് ദൈവത്തെ എന്തിനാണ് ബുദ്ധിമുട്ടിയ്ക്കുന്നതെന്നും' മെത്രാപ്പോലീത്താ ചോദിക്കുന്നു. 'നമുക്കാവശ്യമുള്ളത് എന്തെന്ന് ദൈവത്തിനറിയാം. തുടര്‍ച്ചയായി ദൈവത്തെ വിളിച്ച് മുറവിളി കൂട്ടുന്ന സമയം കര്‍മ്മ നിരതനാവൂയെന്ന്' ഈ ആചാര്യന്‍ സഭാ മക്കളെ ഉപദേശിയ്ക്കുന്നു. 'കടമകള്‍ പൂര്‍ത്തിയാക്കൂയെന്നു പറഞ്ഞാല്‍ സര്‍വ്വതിനും ദൈവത്തോടായി പ്രാര്‍ത്ഥിക്കുന്ന ജനത്തിന് മനസിലാവില്ലെന്നും' അദ്ദേഹം പറയുന്നു. 'കറിയാച്ചന്മാരുടെ ഒഴുക്കു കാരണം മെത്രാപ്പോലീത്തായെ ആരും ശ്രദ്ധിക്കുകയുമില്ല. സഭ ശരിയായ ദിശയിലല്ല പോവുന്നതെന്നും കറിയാച്ചന്മാര്‍ക്ക് മനസിലാവുകയുമില്ല. അധികാര ഭ്രാന്തു പിടിച്ചവരാല്‍ സഭ നിറഞ്ഞിരിക്കുന്നു.'മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലോ ഒരു പ്രത്യേക ജാതിയിലോ ഒതുങ്ങി നില്ക്കുന്നതല്ല മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തായുടെ ലോകം. അദ്ദേഹത്തിന്റെ അജഗണങ്ങളില്‍ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ വിത്യാസമില്ല.

മെത്രാപ്പോലിത്തന്‍ ക്രിസോസ്റ്റനെപ്പറ്റി പുസ്തകങ്ങളും ലേഖനങ്ങളുമായി ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകള്‍ക്കൊണ്ട് ചരിത്രത്തിന്റെ ഏടുകള്‍ ഇനിയും നിറയാനിരിക്കുന്നുവെന്ന് വേണം പറയാന്‍. അദ്ദേഹവുമായി ആത്മാര്‍ത്ഥമായി ഇടപെടുന്നവര്‍ക്ക് തങ്ങളുടെ വീക്ഷണ ചിന്താഗതിയിലും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ദൈവ ശാസ്ത്രത്തിലും മാറ്റങ്ങള്‍ സംഭവിച്ചു പോകും. യാഥാസ്ഥിതിക ലോകത്തെ ഇത്രമാത്രം വെല്ലു വിളിച്ച മറ്റൊരു മെത്രാന്‍ ഭാരത സഭകളില്‍ ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്.

2018ല്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചു. 100 ഈയേഴ്‌സ് ഓഫ് ക്രിസോസ്റ്റം' എന്ന ഡോക്യുമെന്ററിക്ക് ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിച്ചിരുന്നു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപൊലീത്തയെപ്പറ്റി ബ്ലെസി നിര്‍മിച്ച 48 മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിക്കാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി ഫിലിം എന്ന പദവി ലഭിച്ചത്. നാല് വര്‍ഷത്തെ ശ്രമകരമായ പ്രയത്‌നത്തിലൂടെയാണ് ഡോക്യുമെന്ററി പൂര്‍ത്തീകരിച്ചത്. ആ ചിരിയും ആത്മീയതയും മലയാളിയ്ക്ക് ഇനിയും ആസ്വദിക്കണം. നര്‍മ്മ സല്ലാപത്തിനായി ആ ആത്മീയ ആചാര്യന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.