സംസ്ഥാനത്ത് ചികിത്സയിലുളളത് 2,47,181 പേര്‍; രണ്ടാഴ്ചയ്ക്കിടെ രോഗ വര്‍ധന 255 ശതമാനമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ചികിത്സയിലുളളത് 2,47,181 പേര്‍; രണ്ടാഴ്ചയ്ക്കിടെ രോഗ വര്‍ധന 255 ശതമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആക്ടീവ് കേവിഡ് കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 255 ശതമാനമാണ് വര്‍ധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്‌നമായി മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനിതക മാറ്റം വന്ന വൈറസുകളുടെ വ്യാപനം വലിയതോതില്‍ വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യതയ്ക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.

എല്ലാ പ്രധാന ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഓക്‌സിജന്‍ ബെഡ് ഉറപ്പാക്കും. ഇഎസ്‌ഐ ആശുപത്രികളിലെ ബെഡ് ഓക്‌സിജന്‍ ബെഡാക്കും. ജയിലില്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ആലോചിക്കുന്നു. കോവിഡ് ബ്രിഗേഡില്‍ കൂടുതല്‍ പേര്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. ഒരു കാരണവശാലും ഓക്‌സിജന്‍ ലഭ്യത തടസപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് മുന്‍കരുതല്‍ എടുക്കുന്നത്. ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ആവശ്യത്തിനുള്ള ബഫര്‍ സ്റ്റോക് തയാറാക്കും. ഇരട്ടമാസ്‌ക് ശീലമാക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. എന്‍95 മാസ്‌കോ അല്ലെങ്കില്‍ രണ്ട് മാസ്‌ക് ഒരുമിച്ച് ഉപയോഗിക്കുന്നതോ ആണ് ഉചിതം. സ്വകാര്യ ആശുപത്രികളിലെ 75 ശതമാനം കിടക്കകളും കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് നിലവില്‍ രണ്ട് ലക്ഷത്തിലധികം കോവിഡ് രോഗികളുണ്ട്. ഇന്ന് കോഴിക്കോട് അയ്യായിരത്തിലധികം പേര്‍ രോഗബാധിതരായി. തൃശൂര്‍ ജില്ലയില്‍ വരുന്ന നാല് ദിവസത്തിനുളളില്‍ രോഗികള്‍ ഇരട്ടിയാകും. സംസ്ഥാനത്ത് വാക്സിനേഷന്‍ കൂട്ടും. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിച്ചു.

സംസ്ഥാനത്ത് വാക്സിനെ കുറിച്ച് പരാതികളുണ്ട്. 3,68,000 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് നിലവിലുളളത്. ഡിമാന്റിനനുസരിച്ച് വാക്സിന്‍ ലഭ്യമല്ലാത്തതാണ് പരാതി ഉയരാന്‍ കാരണം. കൂടുതല്‍ ഡോസുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി ആളുകള്‍ വാക്സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.