ബാങ്കോക്ക്: മ്യാന്മറില്‍ ആഭ്യന്തര കലാപം രൂക്ഷമാവുന്നു. തായ്ലന്‍ഡ് അതിര്‍ത്തിക്കു സമീപമുള്ള മ്യാന്‍മറിന്റെ സൈനിക താവളം വംശീയ ന്യൂനപക്ഷമായ കരെന്‍ ഒളിപ്പോരാളികള്‍ പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമെന്ന് കാരെന്‍ നാഷണല്‍ യൂണിയന്‍ വക്താവ് പദോസോ താവ് നീ വ്യക്തമാക്കി.
പിടിച്ചെടുത്ത സൈനിക താവളം തീവച്ച് നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും ഒളിപ്പോരാളികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്തിലും ആള്‍നാശം ഉണ്ടായിട്ടില്ല. ഗ്രാമങ്ങളില്‍ നിന്നു പലായനം ചെയ്ത 24,000 പേര്‍ വനത്തില്‍ അഭയം തേടി.
ഒളിപ്പോരാളികള്‍ സൈനിക താവളം ആക്രമിച്ചതിന് പിന്നാലെ കാരെന്‍ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ മ്യാന്മര്‍ സൈന്യം വ്യോമാക്രമണം നടത്തി. ഈ മേഖലയില്‍ സൈനികവിന്യാസം വര്‍ധിപ്പിച്ചിട്ടുമുണ്ട്. കരെന്‍ ഒളിപ്പോരാളികളുടെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിനോട് പ്രതികരിക്കാന്‍ മ്യാന്മറിലെ സൈനിക സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സൈനിക താവളം ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം തീവച്ച് നശിപ്പിക്കുകയായിരുന്നു.
സൈനിക താവളം നശിച്ചതിന്റെ കണക്കുകള്‍ വിലയിരുത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് വംശീയ ന്യൂനപക്ഷങ്ങളിലൊന്നാണ് കാരെന്‍. ഇവരുടെ സൈനികവിഭാഗമാണ് കാരെന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മി. മ്യാന്മറില്‍ പട്ടാള അട്ടിമറി ഉണ്ടായതിന് പിന്നാലെ കാരെന്‍ വിഭാഗം സജീവമാണ്.
മ്യാന്‍മാറിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി ഒന്നിന് നടന്ന സൈനിക നീക്കത്തിന് പിന്നാലെ മ്യാന്മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂചി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്ത് അപ്രതീക്ഷിത നീക്കങ്ങള്‍ നടന്നത്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സൈന്യം സ്വീകരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.