ന്യൂഡല്‍ഹി: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒന്‍പത് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിനാണ് ചെന്നൈ വിജയം പിടിച്ചത്. 172 റണ്‍സ് വിജയ ലക്ഷ്യം ധോണിയുടെ സംഘം അനായാസം മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.
129 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഓപ്പണര്‍മാരാണ് ചെന്നൈയ്ക്ക് അനായാസ വിജയമൊരുക്കിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് 44 പന്തില്‍ 75 റണ്‍സെടുത്തപ്പോള്‍ ഫാഫ് ഡുപ്ലെസി 38 പന്തില്‍ 56 റണ്‍സുമായി അടിച്ചു തകര്‍ത്തു. ഗെയ്ക്ക്‌വാദിന്റെ ബാറ്റില്‍ നിന്ന് 12 ഫോറുകള്‍ പിറന്നപ്പോള്‍ ഡുപ്ലെസിസ് ആറ് ഫോറും ഒരു സിക്‌സും അടിച്ചു.
പിന്നീട് മോയിന്‍ അലിയും രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയും ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. എട്ടു പന്തില്‍ 15 റണ്‍സോടെ മോയിന്‍ അലി പുറത്തായി. 15 പന്തില്‍ 17 റണ്‍സുമായി റെയ്‌നയും ആറ് പന്തില്‍ ഏഴ് റണ്‍സോടെ ജഡേജയും പുറത്താകാതെ നിന്നു.
നേരത്തെ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടേയും മനീഷ് പാണ്ഡെയുടേയും ബാറ്റിങ് മികവാണ് ഹൈദരാബാദിനെ തുണച്ചത്. ഹൈദരാബാദ് ബാറ്റിങ്ങിനെ വരിഞ്ഞു മുറുക്കിയ ചെന്നൈ ബൗളര്‍മാര്‍ അവസാന മൂന്ന് ഓവറില്‍ കളി കൈവിട്ടു. അവസാന 18 പന്തില്‍ 44 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ നഷ്ടപ്പെട്ടു. ഏഴ് റണ്‍സായിരുന്നു ബെയര്‍സ്റ്റോയുടെ സമ്ബാദ്യം. പിന്നീട് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ഒത്തുചേര്‍ന്നു. ഇരുവരും 87 പന്തില്‍ 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാര്‍ണര്‍ 55 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 57 റണ്‍സ് നേടി. മനീഷ് പാണ്ഡെ 46 പന്തില്‍ അഞ്ച് ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെ 61 റണ്‍സ് അടിച്ചു.
10 പന്തില്‍ 26 റണ്‍സ് അടിച്ച കെയ്ന്‍ വില്ല്യംസണും നാല് പന്തില്‍ 12 റണ്‍സ് നേടിയ കേദര്‍ ജാദവും അവസാന ഓവറുകളില്‍ ഹൈദരാബാദിന്റെ സ്‌കോറിങ് വേഗത കൂട്ടി. ചെന്നൈയ്ക്കായി ലുങ്കി എന്‍ഗിഡി രണ്ടും സാം കറന്‍ ഒരു വിക്കറ്റും നേടി.
വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.