ഓസ്ട്രേലിയയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സി മേധാവി

ഓസ്ട്രേലിയയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സി മേധാവി

സിഡ്‌നി: ഓസ്ട്രേലിയയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയെന്ന് രാജ്യത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സി മേധാവി. സുന്നി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളില്‍നിന്നാണ് പ്രധാനമായും തീവ്രവാദ ആക്രമണത്തിനുള്ള ഭീഷണി നേരിടുന്നതെന്ന് ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്റെ (എ.എസ്.ഐ.ഒ) ഡയറക്ടര്‍ ജനറല്‍ മൈക്ക് ബര്‍ഗെസ് പറഞ്ഞു. രാജ്യത്തെ വലതുപക്ഷ തീവ്രവാദത്തിന്റെ വളര്‍ച്ചയും ആശങ്കപ്പെടുത്തുന്നതാണ്.

ആഭ്യന്തര ആക്രമണങ്ങളിലുണ്ടായ വളര്‍ച്ച കണക്കിലെടുത്താല്‍ അടുത്ത 12 മാസത്തിനുള്ളില്‍ ഏതു നിമിഷവും ഈ രാജ്യത്ത് ഭീകരാക്രമണം നടക്കുമെന്ന് കരുതുന്നു. അത് ഒരുപക്ഷേ ഏതു പ്രത്യയശാസ്ത്രത്തില്‍ നിന്നുമാവാം- രഹസ്യാന്വേഷണവും സുരക്ഷയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി ജോയിന്റ് കമ്മിറ്റിയില്‍ ബര്‍ഗെസ് പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തീവ്രവലതുപക്ഷ, വംശീയ വിഭാഗങ്ങളില്‍നിന്നുള്ള ആക്രമണങ്ങള്‍ 16-ല്‍നിന്ന് 40 ശതമാനം വര്‍ധിച്ചു. ഇത് ഈ രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണെന്നു ബര്‍ഗെസ് പറഞ്ഞു. ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള വ്യക്തികളും ചെറിയ ഗ്രൂപ്പുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ രണ്ട് ഭീകരാക്രമണങ്ങളില്‍ നമ്മുടെ രണ്ട് ഓസ്ട്രേലിയന്‍ പൗരന്മാരുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്.

സുന്നി വിഭാഗത്തില്‍നിന്നാണ് ഏറ്റവും വലിയ ഭീഷണിയുള്ളത്. യുദ്ധം പരിശീലിച്ച വിദേശ പോരാളികള്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം പല പ്രത്യയശാസ്ത്രങ്ങളിലും ആകൃഷ്ടരായ തീവ്രവാദികളെയും എ.എസ്.ഐ.ഒ നേരിടേണ്ട അവസ്ഥയാണ്. എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരം പ്രത്യയശാസ്ത്രങ്ങളില്‍ ആകൃഷ്ടരാകുന്നതെന്നാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്.

വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളുടെ വളര്‍ച്ച സംബന്ധിച്ച ബര്‍ഗെസിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നതായി ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

ഓസ്ട്രേലിയയിലെ കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ രാജ്യത്ത് രഹസ്യമായി നടക്കുന്നുണ്ട്. പതിമൂന്നും പതിനാലും വയസുള്ള ഓസ്ട്രേലിയന്‍ കുട്ടികള്‍ പോലും ഇസ്ലാമിക തീവ്രവാദ, തീവ്ര വലതുപക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26