ജൈവ കൃഷിയെ ആശ്ലേഷിച്ച് രാസവളങ്ങളില്ലാത്ത ആദ്യ രാജ്യമായി ശ്രീലങ്ക മാറുന്നു

ജൈവ കൃഷിയെ ആശ്ലേഷിച്ച് രാസവളങ്ങളില്ലാത്ത ആദ്യ രാജ്യമായി ശ്രീലങ്ക മാറുന്നു

കൊളംബോ : രാസവളങ്ങളുടെ ഉപയോഗം ഇല്ലാതാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ശ്രീലങ്കയെ മാറ്റുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഗോതാബയ രാജപക്സെ വ്യക്തമാക്കി.

രാസവളങ്ങൾ, കീടനാശിനികൾ, കളനാശിനികൾ എന്നിവയുടെ ഉപയോഗം, അത്തരംവസ്തുക്കളുടെ ഇറക്കുമതി നിരോധനം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കർഷകരെ ബോധവത്കരിക്കുന്നതിനും ആരോഗ്യകരമായ ഒരു തലമുറ സൃഷ്ടിക്കുന്നതിനും രാഷ്ട്രപതി എല്ലാവരോടും അഭ്യർത്ഥിച്ചു. ആരോഗ്യവും ഊർജസ്വലതയുമുള്ള ഒരു പൗരനെ സൃഷ്ടിക്കാൻ   വിഷരഹിതമായ ഭക്ഷണത്തിനുള്ള ജനങ്ങളുടെ അവകാശം സർക്കാർ ഉറപ്പ് നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു.

രാസവളം ഇറക്കുമതി ചെയ്യുന്നതിനായി ശ്രീലങ്ക 2019 ൽ 221 മില്യൺ ഡോളർ ചെലവഴിച്ചു. അസംസ്കൃത എണ്ണയുടെ വിലവർധനയോടെ ഈ തുക 300 മുതൽ 400 മില്യൺ ഡോളർ വരെ ഉയരുമെന്ന് രാഷ്ട്രപതിയുടെ മാധ്യമ വിഭാഗം അറിയിച്ചു. രാസവളങ്ങൾ, കളനാശിനികൾ, കീടനാശിനികൾ എന്നിവയ്‌ക്കായി വൻതോതിൽ തുക  ചിലവഴിച്ചിട്ടും കാർഷിക ഉൽപാദനത്തിൽ ഗുണപരമായ വർധനയുണ്ടായിട്ടില്ലെന്നും മണ്ണിന്റെ വന്ധ്യത, വിളവ് കുറയാനും ജൈവവൈവിധ്യ നഷ്ടത്തിനും കാരണമായിട്ടുണ്ടെന്നും പ്രസിഡന്റ് രാജപക്സെ ചൂണ്ടിക്കാട്ടി.

വൃക്ക, ക്യാൻസർ എന്നിവയുൾപ്പെടെയുള്ള സാംക്രമികേതര രോഗങ്ങൾക്കായുള്ള സർക്കാർ ചെലവുകൾ ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതിയുടെ മാധ്യമ വിഭാഗം അഭിപ്രായപ്പെട്ടു. ഗ്രാമീണ ജനതയുടെ ഉപജീവനമാർഗം നഷ്ടപ്പെടുക, ആരോഗ്യം വഷളാകുക, ജനങ്ങളുടെ ഉൽപാദന ക്ഷമത കുറയുക എന്നിങ്ങനെയുള്ള ദോഷങ്ങൾ രാസവസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

രാസവളങ്ങളുടെ ഉപയോഗം ഉപേക്ഷിക്കുന്നത് ഉൽപാദനം കുറയ്ക്കുമെന്നന്നുള്ളത് മിഥ്യാധാരണ മാത്രമെന്ന് രാഷ്ട്രത്തലവൻ അഭിപ്രായപ്പെട്ടു. ജില്ലാതലത്തിൽ ജൈവ വളം ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഉൽപാദകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകാൻ സർക്കാർ നേരിട്ട് ഇടപെടുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

രാജ്യത്തെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ രാജപക്സെ ഭരണകൂടം എടുക്കുന്ന നടപടികൾ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നതാണ്. പാമോലിൻ ഇറക്കുമതി പൂർണ്ണമായും നിർത്താനും എണ്ണപ്പനകൾ ഘട്ടം ഘട്ടമായി പിഴുതുമാറ്റുന്നതിനുമുള്ള  തീരുമാനം എടുത്ത് അധികനാൾ കഴിയുംമുമ്പേയാണ് രാസവള  ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. അടുത്ത കാലത്ത്  എത്തനോൾ ഇറക്കുമതിയും ശ്രീലങ്ക നിരോധിച്ചിരുന്നു. നഷ്ടം വരുത്തുന്ന പല സ്ഥാപനങ്ങളെയും ലാഭകരമായ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് പ്രസിഡന്റിന്റെ പുതിയ നയങ്ങൾ സഹായകരമായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.