സാമൂഹിക മാധ്യമങ്ങളില്‍ പൗരന്മാര്‍ ആവലാതികള്‍ പങ്കുവെക്കുന്നത് തടയരുത്; സുപ്രീം കോടതി

സാമൂഹിക മാധ്യമങ്ങളില്‍ പൗരന്മാര്‍  ആവലാതികള്‍ പങ്കുവെക്കുന്നത് തടയരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ പൗരന്മാര്‍ അവരുടെ ആവലാതികള്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

‘ഒരു പൗരന്‍ എന്ന നിലയിലും ഒരു ന്യായാധിപന്‍ എന്ന നിലയിലും എന്നെ സംബന്ധച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നു. പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയാണെങ്കില്‍ ആ ആശയവിനിമയത്തെ തടസപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവരുടെ ശബ്ദം നമുക്ക് കേള്‍ക്കാം. ബെഡ് വേണമെന്നോ ഓക്‌സിജന്‍ വേണമെന്നോ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഒരു പൗരനെ ഉപദ്രവിച്ചാല്‍ ഞങ്ങളത് കോടതിയലക്ഷ്യമായി കാണും. നമ്മള്‍ വലിയൊരു പ്രതിസന്ധിയിലാണ്’. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

പൗരന്മാര്‍ അവരുടെ ദുരിതം സംബന്ധിച്ച്‌ സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ല. അതിന്റെ പേരില്‍ ഏതെങ്കിലും പൗരനെ സംസ്ഥാന സര്‍ക്കാരുകളും പോലീസും ഉപദ്രവിക്കാന്‍ നിന്നാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ സന്ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഡിജിപിമാര്‍ക്കും പോകട്ടെയെന്നും കോടതി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരം പങ്കുവെച്ചെന്നാരോപിച്ച്‌ ദേശീയ സുരക്ഷാ നിയമം ആളുകളുടെ മേല്‍ ചുമത്തണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.