കോവിഡ് കേസുകളും മരണവും കൂടുന്നു: ഇന്ന് 37,199 രോഗികള്‍, മരണം 49; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88

കോവിഡ് കേസുകളും മരണവും കൂടുന്നു:  ഇന്ന് 37,199 രോഗികള്‍, മരണം 49; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ദിനംപ്രതി വർദ്ധനവ്. സംസ്ഥാനത്ത് ഇന്ന് 37,199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 49 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്.

കോഴിക്കോട്, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. എന്നാൽ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ വ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ അടച്ചിടൽ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം കോഴിക്കോട് 4915, എറണാകുളം 4642, തൃശൂർ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂർ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസർഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 116 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 330 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 3,03,733 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,61,801 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,43,529 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 6,19,703 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,826 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5206 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മെയ് നാല് മുതൽ കൂടുതൽ സംസ്ഥാനത്തെ കർക്കശമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരിൽ പരിശോധന നടത്തും. ചരക്ക് നീക്കം സുഗമമാക്കും. റെയിൽവേ, എയർപോർട്ട് യാത്രക്കാർക്ക് തടസമുണ്ടാവില്ല. ഓക്സിജൻ-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബാങ്കുകൾ പരമാവധി ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്ല്യാണത്തിന് 50, മരണത്തിന് 20 എന്ന നിലയിൽ തുടരും. റേഷൽ, സിവിൽ സപ്ലൈസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് മാത്രമേ പ്രാർഥന നടത്താവൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.