ചെന്നൈ: തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ നാല് ചുവരുകളില്‍ നിന്ന് ഗ്രാമീണതയുടെ യഥാര്‍ത്ഥ ഭംഗിയിലേക്ക് കൂട്ടിക്കൊണ്ടുപോയ വിഖ്യാത സംവിധായകനും നടനുമായ പി. ഭാരതിരാജ (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
മകന്‍ മനോജ് ഭാരതിരാജയുടെ അകാലവിയോഗം അദേഹത്തെ മാനസികമായും ശാരീരികമായും ഏറെ തളര്‍ത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികില്‍സയിലായിരുന്നു. ഭാര്യ ചന്ദ്രലീല, മകള്‍ ജനനി.
തമിഴകത്തിന്റെ 'ഇയക്കുനര്‍ ഇമയം' (സംവിധായകരുടെ ഹിമാലയം) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതിരാജ, അതുവരെ നിലനിന്നിരുന്ന സാമ്പ്രദായിക സിനിമാ രീതികളെ പൂര്‍ണമായും തിരുത്തിക്കുറിച്ച പ്രതിഭയാണ്. കൃത്രിമ സെറ്റുകള്‍ക്ക് പകരം ക്യാമറയുമായി ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അദേഹം, മണ്ണിന്റെ മണമുള്ള കഥകളും സാധാരണക്കാരായ മനുഷ്യരെയും സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.

തേനി അല്ലിനഗരത്തില്‍ പെരിയമായ തേവരുടെയും മീനാക്ഷി അമ്മാളിന്റെയും മകനായി ജനിച്ച അദേഹത്തിന്റെ യഥാര്‍ത്ഥ പേര് ചിന്നസ്വാമി എന്നായിരുന്നു. കന്നഡ ചിത്രങ്ങളില്‍ സംവിധാന സഹായിയായി തുടക്കം കുറിച്ച അദേഹം, പ്രശസ്ത മലയാള സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ ഉള്‍പ്പെടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1977 ല്‍ കമല്‍ ഹാസന്‍, ശ്രീദേവി, രജനീകാന്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് അദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകള്‍ മാത്രമേ ഭാരതിരാജയ്ക്ക് വഴങ്ങൂ എന്ന് വിമര്‍ശിച്ചവരുടെ വായടപ്പിച്ചുകൊണ്ടാണ് പിന്നീട് സിഗപ്പു റോജാക്കള്‍ എന്ന സൈക്കോ-ത്രില്ലര്‍ അദേഹം സമ്മാനിച്ചത്.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നാല്‍പ്പതോളം ചിത്രങ്ങള്‍ അദേഹം സംവിധാനം ചെയ്തു. തെന്നിന്ത്യന്‍ സിനിമ ഭരിക്കുന്ന ഒട്ടനവധി പ്രതിഭകളെ കണ്ടെത്തിയതും ഭാരതിരാജയായിരുന്നു. രാധിക, രാധ, രേവതി, രഞ്ജിത, കാര്‍ത്തിക്, പാണ്ഡ്യന്‍ തുടങ്ങി വലിയൊരു താരനിരയെ അദേഹം സിനിമയ്ക്ക് സമ്മാനിച്ചു.

ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2004 ല്‍ രാജ്യം അദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. ആറ് തവണ ദേശീയ പുരസ്‌കാരവും നിരവധി സംസ്ഥാന അവാര്‍ഡുകളും അദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
കിഴക്കേ പോകുമെയില്‍, അലൈകള്‍ ഓയിവതില്ലൈ, മുതല്‍ മര്യാദൈ, കിഴക്കു ചീമയിലെ, കറുത്തമ്മ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തെലുങ്കില്‍ ഒരുക്കിയ സീതാകൊക്ക ചിലുക മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. സൊല്‍വ സാവന്‍, റെഡ് റോസ് എന്നി ചിത്രങ്ങളിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ മീണ്ടും ഒരു മര്യാദൈ ആണ് അവസാനമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം. ആമസോണ്‍ പ്രൈമിന്റെ മോഡേണ്‍ ലവ് ചെന്നൈ എന്ന ആന്തോളജിയിലെ പറവൈ കൂട്ടില്‍ വാഴും മാന്‍കള്‍ എന്ന ഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തനതായ ശബ്ദ ഗാംഭീര്യം കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും നടനായും ഭാരതിരാജ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സ്വന്തം ചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അദേഹം പില്‍ക്കാലത്ത് തമിഴിലെ വന്‍കിട സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ആദ്യകാലത്ത് സ്വന്തം ചിത്രങ്ങളായ കിഴക്ക് പോകും റെയില്‍, കല്ലുക്കുള്‍ ഈറം എന്നിവയിലൂടെയാണ് ഭാരതിരാജ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പില്‍ക്കാലത്ത് അഭിനയ രംഗത്ത് സജീവമായ അദേഹം മണിരത്‌നം ചിത്രം ആയുധ എഴുത്ത്, പാണ്ഡ്യനാട്, നമ്മ വീട്ടു പിള്ളൈ, തിരുചിത്രമ്പലം, വാത്തി, മഹാരാജ തുടങ്ങി ഒട്ടനവധി തമിഴ് സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അടുത്തിടെ മോഹന്‍ലാല്‍ നായകനായ തുടരും എന്ന മലയാള ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും അദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇനി റിലീസ് ചെയ്യാനുള്ള പുലവര്‍ എന്ന ചിത്രമാണ് അദേഹത്തിന്റെ അവസാന സ്‌ക്രീന്‍ സാന്നിധ്യം.
ഭാരതിരാജയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ ഒരു സുവര്‍ണ അധ്യായത്തിനാണ് തിരശീല വീഴുന്നത്. അദേഹത്തിന്റെ പ്രശസ്തമായ ആമുഖ സംഭാഷണം പോലെ 'എന്‍ ഇനിത തമിഴ് മക്കളേ...' എന്ന് ഇനി ആ ശബ്ദത്തില്‍ കേള്‍ക്കാനാകില്ലെങ്കിലും, അദേഹം സൃഷ്ടിച്ച ദൃശ്യവിസ്മയങ്ങള്‍ ചലച്ചിത്ര പ്രേമികളുടെ മനസില്‍ എന്നും ജീവിക്കും.