ബാംഗ്ലൂരിനെതിരേ പഞ്ചാബിന് 34 റണ്‍സിന്റെ ജയം

ബാംഗ്ലൂരിനെതിരേ പഞ്ചാബിന് 34 റണ്‍സിന്റെ ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പഞ്ചാബ് കിങ്‌സിന് 34 റണ്‍സിന്റെ ജയം. 180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബാംഗ്ലൂരു നിരയില്‍ 35 റണ്‍സെടുത്ത കോഹ് ലിയും 30 പന്തില്‍ 31 റണ്‍സെടുത്ത രജത് പാട്ടിദറും 13 പന്തില്‍ 31 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലും മാത്രമാണ് കുറച്ചുസമയമെങ്കിലും ക്രീസില്‍ പിടിച്ചുനിന്നത്. 19 റണ്‍സെടുക്കുന്നതിനിടയിലാണ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ ആര്‍സിബിക്ക് നഷ്ടമായത്. പിന്നീട് ഒന്നിച്ച വിരാട് കോലിയും രജത് പാട്ടിദറും ഇന്നിങ്‌സ് മുന്നോട്ടുനയിച്ചെങ്കിലും കാര്യമായ പ്രകടനം നല്‍കാനായില്ല
ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എബി ഡിവില്ലിയേഴ്‌സ് (3) ഷഹബാസ് അഹമ്മദ് (8) ഡാനിയല്‍ സാംസ് (3) തു‌‌ടങ്ങിയവര്‍ പഞ്ചാബ് ബോളര്‍മാര്‍ക്ക് മുന്നില്‍ അടിയറവു പറഞ്ഞു. 16 റണ്‍സുമായി കെയ്ല്‍ ജമെയ്‌സണും ഒരു പന്ത് നേരിട്ട മുഹമ്മദ് സിറാജും പുറത്താകാതെ നിന്നു.

പഞ്ചാബ് ബോളര്‍മാരില്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹര്‍പ്രീത് ബ്രാര്‍ ആണ് മികച്ച പ്രകടനം കാഴ്ചവച്ചത്. രവി ബിഷ്‌ണോയി രണ്ട് വിക്കറ്റ് വീഴ്ത്തി. റിലേ മെരെഡിത്തും ക്രിസ് ജോര്‍ദാനും മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെ‌ട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ക്യാപ്റ്റന്‍ രാഹുല്‍ 57 പന്തുകള്‍ നേരിട്ട് അടിച്ചെടുത്തത് 91 റണ്‍സ്. അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതമാണ് രാഹുലിന്റെ പ്രകടനം.

യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍ 24 പന്തില്‍ 46 റണ്‍സെടുത്തു. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗെയ്‌ലിന്റെ വെടിക്കെട്ട്. ആര്‍സിബിയുടെ ജാമിസണ്‍ എറിഞ്ഞ ആറാം ഓവറില്‍ ഗെയ്ല്‍ അടിച്ചത് അഞ്ച് ഫോറുകള്‍. ആ ഓവറില്‍ പിറന്നത് 20 റണ്‍സ്. ഗെയ്‌ലിനെ ഡാനിയല്‍ സാംസ് മടക്കി. പിന്നീടെത്തിയ നിക്കോളാസ് പൂരന്‍ (പൂജ്യം), ദീപക് ഹൂഡ (അഞ്ച്), ഷാരൂഖ് ഖാന്‍ (പൂജ്യം) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ പഞ്ചാബ് കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങുമെന്ന് കരുതി. എന്നാല്‍ ഹര്‍പ്രീത് 27 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 25 റണ്‍സുമായി പുറത്താകാതെ നിന്നതോടെ പഞ്ചാബ് മികച്ച സ്‌കോറിലെത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.