'രാഹുല്‍ ഗാന്ധി നേമത്ത് പ്രസംഗിക്കുമ്പോള്‍ ബിജെപിയെ ആക്രമിക്കരുത്...അതായിരുന്നു ഒരു കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം: പാര്‍ട്ടിയില്‍ ചെറു പടക്കങ്ങള്‍ പൊട്ടിത്തുടങ്ങി

 'രാഹുല്‍ ഗാന്ധി നേമത്ത് പ്രസംഗിക്കുമ്പോള്‍ ബിജെപിയെ ആക്രമിക്കരുത്...അതായിരുന്നു ഒരു കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം: പാര്‍ട്ടിയില്‍ ചെറു പടക്കങ്ങള്‍ പൊട്ടിത്തുടങ്ങി


തിരുവനന്തപുരം: ചാനലുകള്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ സര്‍വേകള്‍ സത്യമായാല്‍ കോണ്‍ഗ്രസില്‍ ഇത് പുതിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. മുരളീധരനെ നേമത്ത് നിര്‍ത്തി അപമാനിച്ചുവെന്ന ആക്ഷേപം ഒളിഞ്ഞും തെളിഞ്ഞും ഉയര്‍ന്നു വരുന്നുണ്ട്.

ഇതുവരെ പുറത്തു വന്ന ഭൂരിപക്ഷം സ്വകാര്യ സര്‍വേകളും നേമത്ത് കോണ്‍ഗ്രസിന് മൂന്നാം സ്ഥാനമാണ് പ്രവചിക്കുന്നത്. ഇരുപത്തിയഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ മണ്ഡലത്തില്‍ മുരളീധരന്‍ പിടിക്കുകയുളളൂവെന്നാണ് ചില സര്‍വേകളില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയാല്‍ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ചേര്‍ന്ന് മുരളീധരനെ പാലം വലിച്ചുവെന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ മാറും. 2016ല്‍ ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചുപിടിക്കുക വഴി ശിവന്‍കുട്ടിയുടെ വിജയത്തിനെ സഹായിക്കുന്ന ഫാക്ടറായി മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം മാറിയെന്നാണ് സര്‍വേകള്‍ പറയുന്നത്. മാത്രമല്ല, മണ്ഡലത്തിലെ മുപ്പതിനായിരത്തില്‍പരം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ സി.പി.എമ്മിലേക്ക് കേന്ദ്രീകരിച്ചുവെന്നും കോണ്‍ഗ്രസുകാര്‍ക്കിടയില്‍ സംസാരമുണ്ട്.

സര്‍വേകള്‍ പുറത്തുവന്നതിന് പിന്നാലെ ഒരു ദിവസം കാത്തുനില്‍ക്കാനുളള ക്ഷമയില്ലാതെ നേമത്തെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. മുരളീധരന്റെ തോല്‍വിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നാണ് ഇവര്‍ വാദിക്കുന്നത്.

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇത് സത്യമായാല്‍ ഉത്തരവാദി ആര്, മുരളീധരനെപ്പോലെ ഒരു അതികായകനെ കൊണ്ട് വന്ന് മത്സരിപ്പിച്ചിട്ടും ഈ അവസ്ഥ ഉണ്ടായാല്‍ അതിന്റെ കാരണക്കാര്‍ നേമത്തെ നയിച്ച നേതാക്കള്‍ ഏറ്റെടുക്കുമോ? സ്വന്തം ബൂത്തില്‍ പത്ത് വീടുകളില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കാത്ത ഇവരോടൊക്കെ വാര്‍ഡ് കമ്മിറ്റികള്‍ കാലില്‍ പിടിച്ചിട്ടും അനുസരിക്കാതെ മുരളീധരനെ ഉപദേശിക്കാനും ഇലക്ഷന്‍ ഓഫീസില്‍ ഇരുന്ന് വാചകമടിക്കാനും സമയം കണ്ടെത്തുക മാത്രം ചെയ്ത ഇവരാണ് യഥാര്‍ത്ഥത്തില്‍ നമ്മെ തോല്‍പിക്കുന്നത്.

വീട്ടിലിരുന്ന് ഫോണിലൂടെപ്പോലും 10 പേരെ വിളിക്കാതെ എന്തെങ്കിലും ആവശ്യത്തിനായി അങ്ങോട്ടു വിളിക്കുമ്പോള്‍ ഞാന്‍ വീട്ടിലുണ്ട് ഇങ്ങോട്ടു വരൂ എന്ന് പറഞ്ഞ നേതാക്കളുമാണ് ഈ ഇലക്ഷനെ നിയന്ത്രിച്ചത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കഴിഞ്ഞ കുറെക്കാലമായി ഒറ്റികൊടുത്തു കൊണ്ടിരിക്കുന്ന ഇവരെ പടിയടച്ച് പിണ്ഡം വച്ച് ചാണക വെള്ളം തളിച്ചാല്‍ മാത്രമേ നേമത്തെ പാര്‍ട്ടിക്ക് എന്നെങ്കിലും എഴുന്നേറ്റമുണ്ടാകൂ.

NB :രാഹുല്‍ ഗാന്ധി പൂജപ്പുര പ്രസംഗിക്കാന്‍ വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഒരു പ്രധാന നേതാവിന്റെ ആവശ്യം BJP യെ ആക്രമിക്കരുത് എന്നതായിരുന്നു. ഇതാണ് ഇവരുടെയൊക്കെ സംഘടനാ പ്രവര്‍ത്തനം. ചാര്‍ജുകാര്‍ സംഘടന ശക്തിപ്പെടുത്തുന്നതിനായി വിളിച്ച യോഗങ്ങളില്‍പ്പോലും പങ്കെടുക്കാതെ എനിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല എന്ന് പറഞ്ഞവര്‍ മുരളീധരന്‍ വന്നപ്പോള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ശ്രമിച്ചാല്‍ ഫലം ഇതു തന്നെയാകും.

മൂന്നാം സ്ഥാനത്തിനായി മത്സരിച്ചതെങ്കില്‍ കുറെ കൊല്ലങ്ങളായി നേമത്ത് ആളും അര്‍ത്ഥവും നല്കിയ നേതാവിനെ BJP യിലേക്ക് അയക്കേണ്ടതില്ലായിരിന്നു. ശക്തമായ കമ്മിറ്റികള്‍ ഉണ്ടാവണം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും ആര്‍ജ്ജവമുള്ള നേതാക്കളും ഉണ്ടായാലെ നമുക്ക് രക്ഷപ്പെടുവാന്‍ കഴിയൂ.....




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.