ഡല്‍ഹിയില്‍ വീണ്ടും ഓക്സിജന്‍ ക്ഷാമം; ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു

ഡല്‍ഹിയില്‍ വീണ്ടും ഓക്സിജന്‍ ക്ഷാമം; ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഓക്‌സിജന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് കോവിഡ് രോഗികള്‍ മരിച്ചു. മരിച്ചവരില്‍ ആറ് പേര്‍ ഐസിയുവില്‍ ചികിത്സയിലിരുന്നവരും രണ്ട് പേര്‍ വാര്‍ഡിലുമായിരുന്നു. ബത്ര ആശുപത്രിയിലെ ഗ്യാസ്‌ട്രോ യൂണിറ്റ് മേധാവി ഡോ. ആര്‍.കെ ഹിമതാനിയാണ് മരിച്ച ഡോക്ടര്‍. മരണം കൂടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നത്. ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ 11.45 നാണ് ആശുപത്രിയിലെ ഓക്സിജന്‍ തീര്‍ന്നത്. എന്നാല്‍ ഓക്സിജന്‍ ടാങ്കറുകള്‍ ആശുപത്രിയില്‍ എത്തിയത് ഏകദേശം 1.30 ന് ആണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 230 ഓളം രോഗികള്‍ക്ക് ഒരു മണിക്കൂര്‍ 20 മിനിട്ടോളം ഓക്സിജന്‍ ലഭിച്ചില്ല. തലസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി മാരത്തോണ്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ജീവനും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഞങ്ങള്‍ കരുതുന്നു എന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ സ്വന്തം ഡോക്ടര്‍ ഉള്‍പ്പെടെ നിരവധി രോഗികളുടെ ജീവന്‍ നഷ്ടമായെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. കോവിഡ് ബാധിച്ചവരും അല്ലാത്തവരുമായ ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഡല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ ഒന്നുമാത്രമാണ് ബത്ര.

വലിയ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ വളരെ അത്യാവശ്യമാണെന്നും എല്ലാ ആശുപത്രികളും സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.