ജോസ് കെ മാണി വിഭാഗം ബി ജെ പി മുന്നണിയിലേക്കോ?

ജോസ് കെ മാണി വിഭാഗം ബി ജെ പി മുന്നണിയിലേക്കോ?

കോട്ടയം: ജോസ് കെ മാണിക്കായി വാതിൽ തുറന്ന് സംസ്ഥാനത്ത് ഇരു മുന്നണികളും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. ജോസഫ്‌ വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി യു ഡി എഫിൽ നിന്ന് പുറത്താക്കിയെങ്കിലും കെ എം മാണിയുടെ മകനെ തിരികെ യു ഡി എഫിൽ കൊണ്ട് വരണമെന്ന് കോൺഗ്രസിലെ നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നുണ്ട്. മധ്യ കേരളത്തിലെ ചില സീറ്റുകളിൽ നോട്ടമുള്ള മുസ്ളീം ലീഗിനും ജോസഫ് വിഭാഗത്തിനും മാത്രമാണ് തിരികെ അവർ മുന്നണിയിലെത്തുന്നതിൽ അസംതൃപ്തി ഉള്ളത്. കുഞ്ഞാലിക്കുട്ടിയെയും പി ജെ ജോസഫിനെയും തൃപ്തിപ്പെടുത്താതിരിക്കാൻ നിർവാഹമില്ലാത്ത കോൺഗ്രസ്സ് നിസ്സഹായാവസ്ഥയിലാണെന്നാണ് മനസ്സിലാക്കുന്നത്.

ജോസ് കെ മാണി വിഭാഗം ഇടത്തേയ്ക്ക് തന്നെയെന്നാണ് ആദ്യം മുതൽ തന്നെ ലഭിക്കുന്ന സൂചനകൾ. യുഡിഎഫിൽ നിന്നു പുറത്തിറങ്ങിയെന്ന് ഉറപ്പായപ്പോൾ തന്നെ ജോസ് കെ മാണി വിഭാഗത്തിനു പച്ചപരവതാനി വിരിച്ചാണ് സിപിഎമ്മും ഇടതു മുന്നണിയും നിന്നിരുന്നത്. സിപിഐ എതിർക്കുമെന്നായിരുന്നു ആദ്യം മുതൽ ഉയർന്നിരുന്ന ഭയം. ഇതെല്ലാം അസ്ഥാനത്താക്കി ജോസ് കെ മാണിയ്‌ക്കെതിരെ മൃദുസമീപനമാണ് ആദ്യം മുതൽ തന്നെ സി പി ഐ സ്വീകരിച്ചത്. എന്നാൽ അപ്രതീക്ഷിതമായി പാലാ ലോട്ടറിയടിച്ച മാണി സി കാപ്പനും എൻ സി പി നേതൃത്വവുമാണ് ഇപ്പോൾ കേരള കോൺഗ്രസിന്റെ വരവിനെ ഏറെ ആശങ്കയോടെ ഇടതു മുന്നണിയിൽ നിന്നും നോക്കി കാണുന്നത്. കേരള കോൺഗ്രസ് എത്തിയാൽ മുന്നണി വിടുമെന്നും, കോൺഗ്രസിൽ ചേരുമെന്നും പോലും മാണി സി കാപ്പനും എൻ സി പി യിലെ ഒരു വിഭാഗവും പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുമുണ്ട്. പാലാ വിട്ടൊരു കളിക്കുമില്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്.  

കേരള രാഷ്ട്രീയത്തിലും മധ്യകേരളത്തിലും നിർണായക നീക്കവുമായാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗം നിൽക്കുന്നത്. സിപിഎമ്മിനോട് അടുത്തു നിന്നുകൊണ്ടു തന്നെ ബിജെപിയുമായും ചർച്ച നടത്തുകയാണ് ജോസ് കെ മാണി വിഭാഗം. ഉടൻ  മുന്നണി പ്രവേശനം സംബന്ധിച്ചു തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിൽ പോലും നിർണായകമായ രാഷ്ട്രീയ നിലപാട് ജോസ് കെ മാണി പ്രഖ്യാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ബി ജെ പി സംസ്ഥാന ഘടകം ജോസ് കെ മാണിയെ പരസ്യമായി എതിർത്തിട്ടില്ലെങ്കിലും യാതൊരു വിധചർച്ചകളും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പത്തു വർഷത്തിലേറെയായി എം പി സ്ഥാനത്ത് തുടരുന്ന ജോസ് കെ മാണിയ്ക്കു ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. രണ്ട് എംപിമാരുള്ള കേരള കോൺഗ്രസ് എമ്മിനുവേണ്ടി ബിജെപി കേന്ദ്ര നേതൃത്വത്തിൽ ക്രൈസ്തവ സഭയിലെ ചില പ്രമുഖ വ്യക്തികൾതന്നെ  സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.  ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർണായകമായ നീക്കം ഉണ്ടാകുമെന്ന് ഉറപ്പാണ്. ബിജെപി കേന്ദ്ര നേതൃത്വം 25 സീറ്റ് വരെ കേരള നിയമസഭയിലേയ്ക്കുള്ള മത്സരത്തിൽ ജോസ് കെ മാണിയ്ക്കു വാഗ്ദാനം ചെയ്തതായി ജോസ് കെ മാണി വിഭാഗത്തിലെ പ്രമുഖ നേതാവ് പറഞ്ഞു.

(ജെ കെ )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.