തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അത്യന്തം നാടകീയമായത് രണ്ടു വനിതാ നേതാക്കളുടെ പരസ്യ പ്രതിഷേധത്തില്‍ കൂടിയായിരുന്നു. മുന്‍ മന്ത്രി പി കെ ജയലക്ഷ്മി, മുതിര്‍ന്ന നേതാവ് പദ്മജ വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പടെ 11 വനിതകളെയാണ് യുഡിഎഫ് ഇത്തവണ മത്സരരംഗത്ത് ഇറക്കിയത്. സീറ്റ് ലഭിക്കാതിരുന്ന ലതികാ സുഭാഷ് കെ പി സി സി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. സീറ്റ് നിഷേധിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍, കൊല്ലം ഡിസിസി ആസ്ഥാനത്ത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതിഷേധം.
മുന്നണിക്കെതിരെ വൈക്കത്ത് ലതിക സുഭാഷ് വിമതയായപ്പോള്‍ അവസാന നിമിഷം സീറ്റ് നേടിയാണ് ബിന്ദു കൃഷ്ണ കൊല്ലത്ത് പോരാട്ടത്തിന് ഇറങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് നിരയില്‍നിന്ന് വനിതകളാരും തെരഞ്ഞെടുക്കപ്പെട്ടില്ല. പ്രതിപക്ഷ നിരയില്‍ ആകെയുള്ള വനിത വടകരയിലെ ആര്‍ എം പി നേതാവ് കെ കെ രമ മാത്രമായിരിക്കും. ബിന്ദു കൃഷ്ണ, അരിത ബാബു, പദ്മജ വേണുഗോപാല്‍, ആര്‍ രശ്മി, വീണ നായര്‍, ഡോ. പി ആര്‍ സോന തുടങ്ങി ശ്രദ്ധിക്കപ്പെടുന്ന ഒരുപിടി സ്ഥാനാര്‍ഥികളെ രംഗത്തിറക്കി. ഇവരില്‍ പലരും മത്സരരംഗത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും ചെയ്തു. പദ്മജ ഉള്‍പ്പടെയുള്ളവര്‍ ജയപ്രതീക്ഷ പുലര്‍ത്തുകയും ചെയ്തു.
മാനന്തവാടിയില്‍ മത്സരിച്ച പി കെ ജയലക്ഷ്മി വോട്ടെണ്ണലിനിടെ പലപ്പോഴും മുന്നിലെത്തിയെങ്കിലും വിജയിക്കാനായില്ല. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി എന്ന നിലയില്‍ ശ്രദ്ധ നേടിയ ആളാണ് കായംകുളത്ത് മത്സരിച്ച അരിത ബാബു. ആലപ്പുഴ എം.പി എ എം ആരിഫിന്റെ അധിക്ഷേപം നേരിടേണ്ടി വന്ന അരിത കായംകുളത്ത് അട്ടിമറി സൃഷ്ടിച്ചേക്കുമെന്ന് യുഡിഎഫ് ക്യാംപുകള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് ഒരാള്‍ക്കു പോലും ജയിക്കാനായില്ല. കെ കെ രമ മാത്രമായിരിക്കും പ്രതിപക്ഷ നിരയിലെ ഏക വനിതാ സാനിദ്ധ്യം. വടകരയില്‍ എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനെ 7491 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കെ കെ രമ നിയമസഭയിലേക്ക് എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.