കേരളത്തിലെ കോണ്‍ഗ്രസ്സില്‍ സംഭവിക്കുന്നതും, ഇടതു രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തിയും!

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ സംഭവിക്കുന്നതും, ഇടതു രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തിയും!

കൊച്ചി: ഇടതു മുന്നണിയുടെ മിന്നുന്ന തെരഞ്ഞെടുപ്പു വിജയത്തില്‍ പിണറായി സര്‍ക്കാര്‍ തുടര്‍ഭരണത്തിനൊരുങ്ങുമ്പോള്‍, പലരും ചോദിക്കുന്ന ഒരു ചോദ്യമിതാണ്: കോണ്‍ഗ്രസ്സിനു കേരളത്തില്‍ എന്തു സംഭവിക്കുന്നു? ആഴത്തിലുള്ള പരിശോധന ആവശ്യപ്പെടുന്ന ഒരു ചോദ്യമാണത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നല്‍കിയ രാഷ്ട്രീയ സൂചനകള്‍ മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പൂര്‍ണ്ണമായും പരാജയപ്പെട്ടു. തുടര്‍ന്നു വന്ന അസംബ്‌ളി തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയും മുന്നണിയും സ്വീകരിച്ച രാഷ്ട്രീയ നിലപാടില്ലായ്മയുടെ ഫലമാണ് ഇപ്പോഴുണ്ടായ കനത്ത പരാജയം. അത് കേവലം സംഘടനാപരമായ മിനുക്കു പണികൊണ്ടോ അഴിച്ചുപണികൊണ്ടോ പരിഹരിക്കാന്‍ കഴിയുന്നതുമല്ല.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച രമേശ് ചെന്നിത്തലക്ക് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തലപ്പത്തേക്കെത്താനുള്ള സാധ്യതയും തെരഞ്ഞെടുപ്പുഫലം ഇല്ലാതാക്കി. ഭരിക്കുന്ന സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍കൊണ്ടുമാത്രം തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകില്ല എന്ന സൂചനകൂടി നല്‍കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ആരോപണ ശരങ്ങളേക്കാള്‍, രാഷ്ട്രീയമായ നിലപാടുകള്‍ക്കാണ് പ്രസക്തിയെന്ന രാഷ്ട്രീയ പാഠവും ഈ തെരഞ്ഞെടുപ്പുഫലം മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഭരണം തിരികെപ്പിടിക്കാന്‍ തയ്യാറായി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ്സിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് മുന്നോട്ടുവയ്ക്കാന്‍ ഒരു രാഷ്ട്രീയമില്ലായിരുന്നു എന്നതാണ്. നിലവിലുള്ള യൂ. ഡി. എഫ്. മുന്നണിയെപോലും രാഷ്ട്രീയമായി വ്യാഖ്യാനിക്കാന്‍ ശേഷിയില്ലാത്ത ഒരു പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ്സ് മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.
ബി. ജെ. പി. ക്ക് ഒരു രാഷ്ട്രീയമുണ്ട്. ജനങ്ങള്‍ക്ക് അതേപ്പറ്റി വ്യക്തമായ ധാരണയുമുണ്ട്. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിക്കു കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തിയില്ല. അതു തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാവുകയും ചെയ്തു. ആ പാര്‍ട്ടിയിലെ സൗമ്യ സാന്നിധ്യങ്ങളായ ചില വ്യക്തികള്‍ക്ക് മാത്രമാണ് കേരളത്തിന്റെ പൊതു ജീവിതത്തില്‍ സ്വീകാര്യതയും സ്വാധീനവുമുള്ളത്.

ഇടതുമുന്നണിക്കും അതിനു നേതൃത്വം കൊടുക്കുന്ന സി. പി. എമ്മിനും ഇന്നത്തെ ഇന്ത്യയില്‍ പ്രസക്തമായ രാഷ്ട്രീയ നിലപാടുകളും അതു വിശദീകരിക്കാനുള്ള പാടവവുമുണ്ട്. ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് തങ്ങളുടെ പ്രസ്ഥാനം എന്ന പ്രഖ്യാപനമുണ്ട്. ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ മതരാഷ്ട്രവാദ നിലപാടുള്ളവരെ തള്ളിപ്പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട്. ശക്തമായ നേതൃത്വവും അച്ചടക്കവുമുണ്ട്. ചുരുക്കി പറഞ്ഞാല്‍, ഇന്ത്യയില്‍ ഇന്ന് ആവശ്യമായിരിക്കുന്നതും ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുമായ രാഷ്ട്രീയ നിലപാട് തങ്ങള്‍ക്കുന്നുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. അതാണ് കേരളത്തില്‍ ഇടതുമുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്; ദേശീയതലത്തില്‍ ആ പാര്‍ട്ടിക്ക് പരിമിതികള്‍ ഏറെയുണ്ടെങ്കിലും.
കോണ്‍ഗ്രസാകട്ടെ, മുസ്ലീംലീഗ് എന്ന സമുദായ സംഘടനയുടെ നിഴലിലേക്ക് സ്വയം ചുരുങ്ങുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മറ്റൊരു സമുദായ സംഘടനക്കുമില്ലാത്ത രാഷ്ട്രീയ സ്വാധീനം തങ്ങള്‍ക്കുണ്ട് എന്നത് തീര്‍ച്ചയായും മുസ്ലിം ലീഗിന്റെ ശക്തിതന്നെയാണ്. എന്നാല്‍, 'പൊതു നന്മ' എന്ന രാഷ്ട്രീയ ലക്ഷ്യത്തില്‍ നിന്ന് ആ പാര്‍ട്ടിയും അതിന്റെ നേതൃത്വവും അകലുന്ന കാഴ്ചയാണ് സമീപകാലത്തു കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സമുദായത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിനേക്കാള്‍, അതില്‍ ഒരു വിഭാഗത്തിന്റെ തീവ്ര മത രാഷ്ടീയത്തിലേക്കു മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ചില പ്രമുഖ വ്യക്തികള്‍പോലും ചുവടുമാറ്റിയപ്പോള്‍, അതിനെ തിരുത്തുന്നതിനോ, തള്ളി പറയുന്നതിനോ ആ പാര്‍ട്ടിയിലെയോ സമുദായത്തിലെയോ ആരും മുന്നോട്ടു വന്നില്ല എന്ന് മാത്രമല്ല, മതേതര ഇന്ത്യക്കുവേണ്ടി നിലകൊള്ളും എന്ന് എല്ലാവരും കരുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയോ അതിന്റെ നേതൃത്വത്തിന്റെയോ ഭാഗത്തുനിന്ന്, അത്തരം നിലപാടുമാറ്റത്തിലുള്ള അപകടം ചൂണ്ടിക്കാട്ടാന്‍ ആരുമുണ്ടായില്ല എന്നതും ഏറെ ദുഖകരമായ സാഹചര്യമുണ്ടാക്കി.

കോണ്‍ഗ്രസ്സുമായി പാരമ്പരാഗതമായി അടുപ്പം പുലര്‍ത്തുന്ന കേരളത്തിലെ ഇതര സമുദായങ്ങള്‍ തങ്ങള്‍ക്കുള്ള ന്യായമായ ആശങ്കകള്‍ പങ്കുവയ്ക്കുമ്പോള്‍, അതില്‍ അല്‍പ്പമെങ്കിലും വസ്തുതയുണ്ടോ എന്ന് പരിശോധിക്കാന്‍ തയ്യാറാകുന്നതിന് പകരം, കോണ്‍ഗ്രസ്സുകാരായ ചിലര്‍ നടത്തുന്ന രാഷ്ട്രീയ ദാസ്യത്തിന്റെ നിഴല്‍ നാടകങ്ങള്‍ ലജ്ജാവഹമെന്നല്ലാതെ എന്ത് പറയാന്‍!

ഏവര്‍ക്കും പ്രത്യാശയോടെ ആ പാര്‍ട്ടിയെ നോക്കാനുള്ള ഒരു സാഹചര്യം ഇന്ന് കോണ്‍ഗ്രസ്സില്‍ നിലവിലില്ല എന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ ചിരിച്ചുകാണിച്ചും ചായകുടിച്ചും തീര്‍ക്കാവുന്നതല്ല പല പ്രശ്നങ്ങളുമെന്നറിഞ്ഞിട്ടും, അവയ്ക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള യാതൊരു നടപടിയും നിലപാടും ആ പാര്‍ട്ടിയില്‍നിന്നും ഉണ്ടായിട്ടില്ല എന്നതാണ് സങ്കടകരം.

ക്രിസ്തീയ സമുദായങ്ങളെ നേരിട്ടു ബാധിക്കുന്ന ഇ. ഡബ്ലിയൂ. എസ്, നാടാര്‍ സംവരണം, ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ വിവേചനം, കൂടാതെ സംസ്ഥാനത്തു ശക്തിപ്രാപിക്കുന്ന ഇസ്ലാമിക തീവ്രവാദം തുടങ്ങി സമൂഹത്തെ അസ്വസ്ഥമാക്കുന്ന വിഷയങ്ങളില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അതു നേതൃത്വം കൊടുക്കുന്ന മുന്നണിയുടെയും നിഷേധാത്മക നിലപാടും നിസ്സംഗതയും ആ പാര്‍ട്ടിയിലും മുന്നണിയിലും, ക്രൈസ്തവ സമുദായം ഉള്‍പ്പെടെയുള്ള ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കുന്നതായിരുന്നു എന്നു പറയാതെ വയ്യ.

ഇടതു മുന്നണി കറകളഞ്ഞ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമാണ് എന്നൊന്നും അഭിപ്രായമില്ല. എന്നാല്‍, ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ നേരിടണമെങ്കില്‍, ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെയും അവ മുന്നോട്ടു വയ്ക്കുന്ന ഫാസിസ്റ്റു രാഷ്ട്രീയ രൂപങ്ങളെയും തള്ളിപ്പറയണം എന്ന തിരിച്ചറിവ് ആ പ്രസ്ഥാനത്തിനുണ്ട്. അതുറക്കെ പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ട്. കോണ്‍ഗ്രസ്സിന് ഇല്ലാത്തത് ഇതു രണ്ടുമാണ്.
നിലപാടും തീരുമാനവുമുള്ള, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ കഴിവും കാര്യപ്രാപ്തിയും തെളിയിച്ച ഒരു ഭരണാധികാരിയെന്ന നിലയില്‍, കേരളത്തിലെ ജനങ്ങള്‍, ശ്രീ പിണറായി വിജയനെ വീണ്ടും തങ്ങളുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുകയാണ്. ആ അര്‍ത്ഥത്തില്‍, ഇടതുപക്ഷത്തിന്റെ ഈ വിജയം, 'പിണറായി (യുടെ) വിജയമാണ്' എന്ന് പറയുന്നതില്‍ തെറ്റില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍, സര്‍ക്കാര്‍ സംവിധാനങ്ങളെ ഫലപ്രദമായി ഏകോപിപ്പിച്ചും, ചിലകാര്യങ്ങളില്‍ താന്‍പോരിമയോടെ മുന്നിട്ടിറങ്ങിയും അദ്ദേഹം ജനങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തി. ഈ ചരിത്ര വിജയത്തിന് അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും അനുമോദനങ്ങള്‍! അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കേരളത്തിന് അഭിമാനകരമായ നേട്ടങ്ങളുടേതാകട്ടെ!

പിന്‍കുറിപ്പ്: രാഷ്ട്രീയത്തിലും ഭരണതലത്തിലും തങ്ങളെടുക്കുന്ന നിലപാടുകളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പ്രാപ്തിയില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും വെല്ലുവിളികളെ രാഷ്ട്രീയമായി അതിജീവിക്കും എന്നു കരുതാന്‍ വയ്യാ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.